ആധുനിക ക്രിക്കറ്റിലെ പല സമവാക്യങ്ങളും തിരുത്തിക്കുറിച്ച അതുല്യ പ്രതിഭയാണ് ഇന്നലെ ജീവിതത്തിന്റെ ഇന്നിങ്‌സിനു തിരശീലയിട്ട ന്യൂസിലാന്‍ഡ് ഇതിഹാസതാരം മാര്‍ട്ടിന്‍ ക്രോ.
ഏകദിനത്തില്‍ സ്പിന്നറെക്കൊണ്ട് ബൗളിങ് തുടങ്ങിയതും ബാറ്റിങ്ങില്‍ വാലറ്റക്കാരെ പിഞ്ച് ഹിറ്ററുടെ റോളില്‍ ഇറക്കിയതും ആദ്യ പതിനഞ്ച് ഓവറില്‍ റണ്‍ വാരലിന് തുടക്കമിട്ടതുമെല്ലാം കിവി ക്രിക്കറ്റ് കണ്ട ഈ പ്രതിഭ. ട്വന്റി20 ക്രിക്കറ്റിന്റെ ആദ്യരൂപമായ മാക്‌സ് ക്രിക്കറ്റിന്റെ ഉപജ്ഞാതാവും മാര്‍ട്ടിന്‍ ക്രോ തന്നെ.
1992ല്‍ ന്യൂസിലാന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന ലോകകപ്പിലാണ് അന്നുവരെ കാണാത്ത പരീക്ഷണങ്ങള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പേസ് ബൗളര്‍മാര്‍ എറിഞ്ഞു പഴകിയ പന്തുമായി സ്പിന്നര്‍മാര്‍ രംഗപ്രവേശനം ചെയ്യുന്ന രീതി ക്രോ തിരുത്തിയെഴുതി. അന്ന് ഓഫ് സ്പിന്നര്‍ ഇന്ത്യന്‍ വംശജന്‍ ദീപക് പട്ടേലിനെ ആദ്യ ഓവര്‍ ഏല്‍പ്പിച്ച് കിവി നായകന്‍ എതിര്‍ ബാറ്റിങ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. വേഗമേറിയ പന്തുകള്‍ നേരിടാന്‍ പരിശീലിച്ചെത്തിയ ഓപ്പണര്‍മാര്‍ ദീപക്കിന്റെ തിരിയുന്ന പന്തുകള്‍ക്കു മുന്നില്‍ പകച്ചു. ഒരര്‍ത്ഥത്തില്‍ നായകന്‍ അര്‍പ്പിച്ച വിശ്വാസം ദീപക് പട്ടേല്‍ കാത്തു. ഈ തന്ത്രം ന്യൂസിലാന്‍ഡിനെ സെമി വരെയെത്തിച്ചു. പ്രാഥമിക റൗണ്ടിലെ എട്ടില്‍ ഏഴും ജയിച്ച ന്യൂസിലന്‍ഡ് പാക്കിസ്ഥാനോട് മാത്രം തോറ്റു. സെമിയിലും പാക്കിസ്ഥാന്‍ തന്നെ കിവികളുടെ തന്ത്രം പൊളിച്ചു. പരിക്കിന്റെ രൂപത്തില്‍ വിധി എത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ കളി മാറിയേനെ. റണ്ണറെ വച്ച് ഇന്നിങ്‌സ് മുഴുമിപ്പിച്ച ക്രോയ്‌ക്ക് പാക് ബാറ്റിങ്ങിനിടെ കളത്തിലിറങ്ങാനുമായില്ല. എങ്കിലും ബാറ്റിങ്ങും നായകമികവും പരിഗണിച്ച് ക്രോയ്‌ക്ക് ഈ ലോകകപ്പിലെ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സമ്മാനിച്ചു.
ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ മാര്‍ട്ടിന്‍ ക്രോ തന്നേക്കാള്‍ നാലു വയസ് മുതിര്‍ന്ന സഹോദരന്‍ ജെഫ് ക്രോയേക്കാള്‍ മുന്‍പ് കിവീസ് ടീമിലെത്തി. 1982ലെ ഓസീസിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്നു മാര്‍ട്ടിന്റെ അരങ്ങേറ്റം. പത്തൊമ്പതാം വയസില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലെത്തിയ മാര്‍ട്ടിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പേസ് ബൗളര്‍മാരുടെ സുവര്‍ണകാലമായിരുന്ന എണ്‍പതുകളില്‍ ന്യൂസിലാന്‍ഡിലെ ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ അദ്ദേഹം ബാറ്റുകൊണ്ട് കവിത രചിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിയ ക്രോ സാങ്കേതികത്തികവിലും ഏറെ മുന്നിലായിരുന്നു. 1984ല്‍ തന്റെ എട്ടാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ക്രോയുടെ ആദ്യ സെഞ്ചുറി. 1994ല്‍ ഇംഗ്ലണ്ടിനെതിരെ അവസാന സെഞ്ചുറിയും നേടി. കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ന്യൂസിലാന്‍ഡ് താരവും മാര്‍ട്ടിന്‍ ക്രോ തന്നെ, 17 എണ്ണം.
ക്രിക്കറ്റിന്റെ കളിത്തൊട്ടിലായിരുന്ന ലോര്‍ഡ്‌സില്‍ രണ്ടു സെഞ്ചുറികളുള്ള ഏക കിവീസ് ബാറ്റ്‌സ്മാനും ക്രോ ആണ്. 1985ല്‍ 25ാമത്തെ വയസില്‍ വിസ്ഡണ്‍ ക്രിക്കറ്റര്‍ ഓഫ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി. 1991ല്‍ ശ്രീലങ്കക്കെതിരെ വെല്ലിങ്ടണില്‍ നേടിയ 299 റണ്‍സ് ഏറെക്കാലം ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു. 23 വര്‍ഷത്തിനു ശേഷം 2014ല്‍ ബ്രണ്ടന്‍ മക്കല്ലം ഇന്ത്യക്കെതിരെ 302 റണ്‍സെടുത്ത് ഈ റെക്കോഡ് മറികടന്നു. വിരമിക്കുമ്പോള്‍ ടെസ്റ്റിലെ ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോഡിലും ക്രോ പങ്കാളിയാണ്. 299 റണ്‍സെടുത്ത കളിയില്‍ സഹതാരം ആന്‍ഡ്രൂ ജോണ്‍സിനൊപ്പം ക്രോ കൂട്ടിച്ചേര്‍ത്ത 467 റണ്‍സ് ഇന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടാണ്. 15 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ അദ്ദേഹം ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിമറിച്ചു.
കാല്‍മുട്ടിനേറ്റ പരിക്കുമൂലം ഏറെ ബുദ്ധിമുട്ടിയ മാര്‍ട്ടിന്‍ ക്രോ 1996ലാണ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. പിന്നീട് ടെലിവിഷന്‍ കമന്റേറ്ററായും കോളമിസ്റ്റായും പ്രവര്‍ത്തിച്ചു.
മാര്‍ട്ടിന്‍ ക്രോയുടെ തലയിലുദിച്ച ആശയത്തിന്റെ ഫലമായാണ് ട്വന്റി 20 ക്രിക്കറ്റ് രൂപമെടുത്തത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സ്‌കൈ ടെലിവിഷനിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകന്‍ ചോദിച്ച ഒരു ചോദ്യത്തില്‍നിന്നാണ് ട്വന്റി20 ക്രിക്കറ്റിന്റെ പിറവി. ദിവസം മുഴുവന്‍ നീളുന്ന ക്രിക്കറ്റ് കളികള്‍ക്ക് പകരം ബേസ് ബോള്‍ പോലെ പരമാവധി മൂന്ന് മണിക്കൂര്‍ മാത്രം നീളുന്ന ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ചിന്തിക്കാമോ എന്ന സഹപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്നാണ് പത്ത് ഓവര്‍ മാത്രമുള്ള ക്രിക്കറ്റെന്ന ആശയം ക്രോ നടപ്പാക്കിയത്. ക്രിക്കറ്റ് മാക്‌സെന്ന പേരില്‍ ഏഴു വര്‍ഷം ന്യൂസിലാന്‍ഡില്‍ പ്രചരിച്ച ഈ കളി 1998ല്‍ ഇംഗ്ലണ്ടിലേക്കും കുടിയേറി. ഇതില്‍ നിന്നാണ് 2003ല്‍ 20 ഓവര്‍ മത്സരമെന്ന ട്വന്റി20 ക്രിക്കറ്റിന്റെ ഉത്ഭവം.
2012-ലാണ് താന്‍ ക്യാന്‍സര്‍ ബാധിതതനാണെന്ന് ആദ്യമായി ക്രോ വെളിപ്പെടുത്തിയത്. കളിക്കിടെ അനുഭവിച്ച സമ്മര്‍ദ്ദവും നീണ്ട യാത്രകളുമാണ് പിന്നീടുള്ള തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ക്രോ തന്നെ തുറന്നു പറഞ്ഞിരുന്നു. പിന്നീട് അസുഖം ഭേദമായെങ്കിലും 2014ല്‍ വീണ്ടും രോഗം ശക്തിയോടെ തിരിച്ചുവന്നു. ന്യൂസിലാന്‍ഡ് ക്യാപ്റ്റനും മാനേജരും ഇപ്പോള്‍ ഐസിസി മാച്ച് റഫറിയുമായ ജെഫ് ക്രോ മാര്‍ട്ടിന്‍ ക്രോയുടെ സഹോദരനാണ്. ഹോളിവുഡ് നടന്‍ റസല്‍ ക്രോ മാര്‍ട്ടിന്‍ ക്രോയുടെ അര്‍ദ്ധസഹോദരനാണ്.















