കരുനാഗപ്പള്ളി: അഴിമതിയാരോപണം നേരിടുന്ന പാടശേഖര സമിതിക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കി. നിലവിലെ സിപിഎം പഞ്ചായത്തംഗവും പാടശേഖരസമിതി സെക്രട്ടറിയുമായ മറ്റത്ത് രാജനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുലശേഖരപുരം പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പവര്‍ട്രില്ലറും കാര്‍ഷികഉപകരണങ്ങളും വാങ്ങുന്നതിനായി 55000 രൂപയും 1999ല്‍ മെതി യന്ത്രം വാങ്ങുന്നതിനായി 11500 രൂപയും തഴവയില്‍ പാടശേഖര സമിതി സെക്രട്ടറി മറ്റത്ത് രാജന്‍ പഞ്ചായത്തുമായി ഉണ്ടാക്കിയ കരാറിന്‍ പ്രകാരം കൈപ്പറ്റിയിരുന്നു.
മെതിയെന്ത്രത്തിനേയും പവര്‍ട്രില്ലറിനെയും സംബന്ധിച്ച് പാരാതി ഉയര്‍ന്നതിനാല്‍ മറ്റത്ത് രാജന് നോട്ടീസ് നല്‍കിയിരുന്നു. കാര്‍ഷിക ഉപകരണങ്ങള്‍ പഞ്ചായത്തില്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം കൈപറ്റിയ തുകയായ 65500 രൂപയും പതിനെട്ട് ശതമാനം പലിശയും ആറുശതമാനം പിഴ പലിശയും ഒടുക്കണമെന്ന് കൃഷിഓഫീസര്‍ നല്‍കിയ നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ പാടശേഖര സമിതി സെക്രട്ടറിയില്‍ നിന്നും മറുപടിയോ തുക ഒടുക്കുകയോ സാധന സാമഗ്രികള്‍ നാളിതുവരെ ഹാജരാക്കുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല വിവരം 1997-98-99 വര്‍ഷങ്ങളിലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് നിയമാനുസൃതമല്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കൃഷിക്കായി വാങ്ങിയ ട്രാക്ടര്‍ മറിച്ചുവിറ്റുവെന്ന് ശീര്‍ഷകത്തില്‍ ജന്മഭൂമിയില്‍ വാര്‍ത്തയും വന്നിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15ന് രാധാകൃഷ്ണപിള്ള നല്‍കിയ പരാതിയുടെ മറുപടിയായി ഇക്കഴിഞ്ഞ ജനുവരിയില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നല്‍കിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലയെന്നും അതിന്റെ വിലയും പലിശയും പിഴ പലിശയും ഒടുക്കണമെന്നും കാണിച്ചിരുന്നു. തുടര്‍ന്ന് ജി.ചന്ദ്രബാബു നല്‍കിയ വിവരാവകാശപ്രകാരം നല്‍കിയ മറുപടിയിലും ഇതേ കാര്യം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ 2001ല്‍ കൃഷി ഓഫീസര്‍ക്ക് മറുപടി നല്‍കിയോ കൃഷി ഉപകരണങ്ങള്‍ ഹാജരാക്കാതിരുന്ന മറ്റത്ത് രാജന്‍ എവിടെ നിന്നോ സംഘടിപ്പിച്ച ഉപകരണങ്ങള്‍ ഹാജരാക്കാനുള്ള തയാറെടുപ്പിലാണ്. ശക്തമായ രാഷ്‌ട്രീയ ഇടപെടല്‍ മൂലം നടപടിയെടുക്കാതിരുന്ന എന്നാല്‍ പഞ്ചായത്ത് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം കൈവിട്ടു പോകുമെന്നായപ്പോള്‍ കാര്‍ഷികോപകരണങ്ങള്‍ ദുരുപയോഗം ചെയ്തതിനെതിരെ റവന്യൂ റിക്കവറി നടപടിക്ക് മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
















