മാരാരിക്കുളം: ദേശിയ പാതയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. പാതയുടെ രണ്ടുവശങ്ങളിലെയും അനധികൃത പാര്‍ക്കിങും കൈയേറ്റവുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. കഴിഞ്ഞ മൂന്നുമാസത്തിനിടെ ചേര്‍ത്തല 11-ാം മൈല്‍ മുതല്‍ ആലപ്പുഴ തുമ്പോളി വരെയുള്ള ദേശീയപാതയില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത് മുപ്പതോളം മനുഷ്യ ജീവനുകള്‍, ചെറുതും വലുതമായ നിരവധി അപകടങ്ങള്‍ വേറെയും.അപകടരഹിത മേഖലയായി പ്രഖ്യാപിച്ച ദേശീയപാതിയിലുള്‍പ്പടെ വാഹനാപകടങ്ങള്‍ സംഭവിക്കാത്ത ദിവസങ്ങള്‍ ചുരുക്കമാണ്.
റോഡിന്റെ പ്രതലത്തിലെ അമിതമായ മിനുസവും നനവും പാതയും ഓരവും തമ്മിലുള്ള പൊക്ക വ്യത്യാസവും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.കഴിഞ്ഞദിവസം പുലര്‍ച്ചെ ദേശീയപാതയില്‍ പാതിരപ്പള്ളിക്ക് സമീപം കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് പട്ടണക്കാട് ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വല്‍സല തമ്പി, ബ്ലോക്കുപഞ്ചായത്തംഗം പി.എം അജിത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഹേമാ ദാമോദരന്‍ കാര്‍ ഡ്രൈവര്‍ രാജീവ് എന്നിവര്‍ക്കു പരുക്കേറ്റിരുന്നു.പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും പരിശോധനകളും തുടര്‍ നടപടികളും ഇല്ലാതായതോടെ അപകടങ്ങള്‍ ഏറുകയാണ്.
അമിതവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാണ്. ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ പ്രധാന ജങ്ഷനുകളിലും മറ്റും അനധികൃതമായി പാര്‍ക്കു ചെയ്യുന്നത് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതൊഴിവാക്കാന്‍ പല പദ്ധതികളും അധികൃതര്‍ ആസൂത്രണം ചെയ്‌തെങ്കിലും ഫലപ്രദമായിട്ടില്ല. ഗതാഗത തിരക്കേറിയ കഞ്ഞിക്കുഴി, കണിച്ചുകുളങ്ങര, മാരാരിക്കുളം, വളവനാട്, കലവൂര്‍, ബര്‍ണാഡ്, വലിയകലവൂര്‍, ഉദയാ സ്റ്റുഡിയോ, പാതിരപ്പള്ളി, പൂങ്കാവ്, തുമ്പോളി എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഏറെയും.കലവൂരില്‍ റോട്ടറി ക്ലബ് സ്ഥാപിച്ചിട്ടുള്ള സിഗ്‌നല്‍ ലൈറ്റ് മാത്രമാണ് ഏക ആശ്വാസം.
കഞ്ഞിക്കുഴിയിലൊഴികെ മറ്റൊരിടത്തും ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിച്ചിട്ടുമില്ല. വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടങ്ങളിലില്ല.
















