കുട്ടനാട്: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ വാഹനങ്ങളിലും, വള്ളങ്ങളിലും അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനപ്രതിനിധികളുടെയും മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നാലിന് രാവിലെ പത്തിന് കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
തിരുവല്ല കറ്റോട്, നീരേറ്റുപുറം എന്നീ ജലശുദ്ധീകരണ ശാലകളില്‍ നിന്നും കുട്ടനാട്ടിലേക്ക് ആവശ്യമായ ശുദ്ധജലം അടിയന്തരമായി എത്തിക്കണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. വേനല്‍ ചൂടില്‍ പരമ്പരാഗത ജലസ്രോതസ്സുകളായ കുളങ്ങളും കിണറുകളും വറ്റി വരണ്ടതും തോടുകളിലെയും ആറുകളിലെയും ജലം മലിനമായതും കുട്ടനാട്ടിലെ ശുദ്ധജലക്ഷാമം രൂക്ഷമാക്കുകയാണ്. കുടിവെള്ളം എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ തോമസ് ചാണ്ടി എംഎല്‍എയുടെ വീട്ടുപടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്നും മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് അറിയിച്ചു. ധര്‍ണ്ണ സമരം ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് അദ്ധ്യക്ഷത വഹിക്കും, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, പി.കെ. വാസുദേവന്‍, ടി.കെ. അരവിന്ദാക്ഷന്‍, ഗീതാ രാംദാസ്, ഡി. പ്രസന്നകുമാര്‍, കെ. ഉല്ലാസ്, വിധു പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.
അതിനിടെ കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ വള്ളത്തില്‍ കുടിവെള്ളം എത്തിക്കാന്‍ വേഗത്തില്‍ നടപടി എടുക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാകളക്ടര്‍ ആര്‍. ഗിരിജയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. വള്ളത്തിലും ലോറിയിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് സര്‍ക്കാറിന്റെ അനുമതി തേടുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലാണ് കുടിവെള്ളം ക്ഷാമം കൂടുതലായി നേരിടുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നിര്‍മ്മിതി കേന്ദ്രം വഴി 264 കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 120 എണ്ണം സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മുമ്പ് നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലാണ് കിയോസ്‌ക്കുകള്‍ക്ക് മുന്‍ഗണന നല്‍കുക. മറ്റിടങ്ങളില്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടിക്കാണ് അനുമതി തേടിയിട്ടുള്ളത്. ജിപിഎസ് ഘടിപ്പിച്ച ലോറികളിലായിരിക്കും വിതരണം.
















