പാരീസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ അപരാജിത കുതിപ്പിന് വിരാമം. ലീഗിലെ 28-ാം മത്സരത്തില്‍ ലിയോണാണ് പിഎസ്ജി കുതിപ്പിന് തടയിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലിയോണിന്റെ വിജയം. ഈ സീസണില്‍ പിഎസ്ജി ലീഗില്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്. കഴിഞ്ഞ സീസണിലെ അവസാന എട്ട് കളികള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ 36 മത്സരങ്ങളാണ് പിഎസ്ജി പരാജയമറിയാതെ കളിച്ചത്.
ഞായറാഴ്ച രാത്രി വൈകി നടന്ന കളിയുടെ 13-ാം മിനിറ്റില്‍ മാക്‌സ്‌വെല്‍ കോര്‍നറ്റും ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത് സെര്‍ജി ഡാര്‍ഡറും ലിയോണിനായി ലക്ഷ്യം കണ്ടപ്പോള്‍ 51-ാം മിനിറ്റില്‍ ലൂക്കാസ് മൗറയാണ് പിഎസ്ജിയുടെ ഏക ഗോള്‍ നേടിയത്. മറ്റൊരു കളിയില്‍ മൊണാക്കോ നാന്റ്റസുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
28 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 73 പോയിന്റുമായാണ് പിഎസ്ജി ഒന്നാമതു നില്‍ക്കുന്നത്. ബാക്കിയുള്ള 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റ് കൂടി നേടിയാല്‍ പിഎസ്ജിക്ക് കിരീടം നിലനിര്‍ത്താം. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ 50 പോയിന്റുമായി ഏറെ പിന്നിലാണ്.
















