ടൂറിൻ: ഇറ്റാലിയൻ സീരി എയിൽ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസിന് മികച്ച വിജയം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ഇന്റർ മിലാനെയാണ് ജുവന്റസ് തകർത്തത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 47-ാം മിനിറ്റിൽ തകർപ്പൻ വോളിയിലൂടെ ലിയനാർഡോ ബൊനൂച്ചിയും 82-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തുകയും രണ്ട് മിനിറ്റിനുശേഷം ലഭിച്ച പെനാൽറ്റി വലയിലെത്തിക്കുകയും ചെയ്ത ആൽവാരോ മൊറാട്ടയും ജുവന്റസിനായി ഗോളുകൾ കണ്ടെത്തി.
27 മത്സരങ്ങൾ പൂർത്തിയാക്കിയ ജുവന്റസ് 61 പോയിന്റുമായാണ് തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ട് കുതിക്കുന്നത്. ലീഗിന്റെ തുടക്കത്തിൽ വിജയം കണ്ടെത്താൻ കഴിയാതെ വിഷമിച്ച ജുവന്റസ് പിന്നീട് തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. 27 കൡകളിൽ നിന്ന് 48 പോയിന്റുള്ള ഇന്റർമിലാൻ അഞ്ചാം സ്ഥാനത്താണ്. മാർച്ച് ആറിന് നടക്കുന്ന അടുത്ത എവേ മത്സരത്തിൽ അറ്റ്‌ലാന്റയാണ് ജുവന്റസിന്റെ എതിരാളികൾ. ഇന്റമിലാൻ പലേർമോയുമായും ഏറ്റുമുട്ടും.
മറ്റൊരു മത്സരത്തിൽ ഉദിനെസെ 2-0ന് വെറോണയെ കീഴടക്കി. ഉദിനെസെക്ക് വേണ്ടി 31-ാം മിനിറ്റിൽ എറിക് ബഡു, 56-ാം മിനിറ്റിൽ സിറിൾ തെരേയു എന്നിവർ ഗോൾ നേടി. ഫ്രോസിനോണിനെ 2-0ന് പരാജയപ്പെടുത്തി സാംപദോറിയയും വിജയം സ്വന്തമാക്കി. 44-ാം മിനിറ്റിൽ ഫെർണാണ്ടോ, 69-ാം മിനിറ്റിൽ ക്വാഗ്ലിയാരല്ലെ എന്നിവർ ഗോൾ നേടി. മറ്റ് കളികളിൽ ചീവോ 1-0ന് ഗനോവയെ പരാജപ്പെടുത്തിയപ്പോൾ കാർപ്രി-അറ്റ്‌ലാന്റ കളി 1-1നും പലേർമോ-ബൊലോഗ്‌ന കളി ഗോളടിക്കാതെയും സമനിലയിൽ പിരിഞ്ഞു.
















