മിര്‍പൂര്‍: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ താങ്ങിനിര്‍ത്തിയത് മൂന്നാമനായിറങ്ങിയ സാബിര്‍ റഹ്മാന്റെ പ്രകടനം. 54 പന്തില്‍ 10 ഫോറും മൂന്നു സിക്‌സറും സഹിതം സാബിര്‍ 80 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ മുഹമ്മദ് മിഥുനെയും സൗമ്യ സര്‍ക്കാരിനെയും ഏയ്ഞ്ചലോ മാത്യൂസും നുവാന്‍ കുലശേഖരയും തുടക്കത്തിലെ മടക്കി. മുഷ്ഫിഖര്‍ റഹീം (നാല്) റണ്ണൗട്ടായതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 26 എന്ന നിലയിലായി ബംഗ്ലാദേശ്. തുടര്‍ന്ന് മുന്‍ നായകന്‍ ഷാകിബ് അല്‍ഹസനൊപ്പം (32) നാലാം വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്ത് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്കു നയിച്ചു സാബിര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മഹ്മുദുള്ളയാണ് സ്‌കോര്‍ 147ലെത്തിച്ചത്. 12 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 23 റണ്‍സെടുത്തു മഹ്മുദുള്ള.
നാലോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത വലംകൈയന്‍ പേസര്‍ ദുഷ്മന്ത ചമീരയാണ് ലങ്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. മാത്യൂസും കുലശേഖരയും ഓരോ വിക്കറ്റെടുത്തപ്പോള്‍, രണ്ടു പേര്‍ ലങ്കന്‍ ഫീല്‍ഡിങ്ങിന്റെ കൃത്യതയ്‌ക്കു മുന്നില്‍ റണ്ണൗട്ടായി.
















