ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടത്തില്‍ ലെസ്റ്ററിന് വെല്ലുവിളിയായി ടോട്ടനം. കഴിഞ്ഞ മത്സരത്തില്‍ സ്വാന്‍സീ സിറ്റിയെ 2-1ന് കീഴടക്കി രണ്ടാം സ്ഥാനം സുരക്ഷിതമാക്കി ടോട്ടനം. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റത് ആഴ്‌സണലിന്റെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയായി. രണ്ടിനെതിരെ മൂന്നു ഗോളിനാണ് എവേ മത്സരത്തില്‍ പീരങ്കിപ്പടയ്‌ക്ക് അടിതെറ്റിയത്. 27 കളികളില്‍ 56 പോയിന്റുമായി ഒന്നാമതുള്ള ലെസ്റ്ററിന് പിന്നില്‍ 54 പോയിന്റുമായി ടോട്ടനം. ജയിച്ചിരുന്നെങ്കില്‍ ആഴ്‌സണലിനും ഇതേ പോയിന്റാകുമായിരുന്നു. 51 പോയിന്റോടെ മൂന്നാം സ്ഥാനത്ത് പീരങ്കിപ്പട.
സ്വന്തം മൈതാനത്ത് പിന്നില്‍നിന്ന ശേഷമാണ് ടോട്ടനം ജയിച്ചു കയറിയത്. 19ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ പലോസച്ചിയിലൂടെ സ്വാന്‍സീ മുന്നില്‍. എഴുപത് മിനിറ്റ് വരെ പിന്നിലായിരുന്നു ആതിഥേയര്‍. 70ാം മിനിറ്റില്‍ നാസര്‍ ചാഡ്‌ലി ടീമിന് സമനില നല്‍കി. ഏഴു മിനിറ്റിനു ശേഷം ഡാനി റോസിലൂടെ വിജയ ഗോളും.
ഓള്‍ഡ് ട്രാഫോഡില്‍ അരങ്ങേറ്റക്കാരന്‍ മാര്‍ക്കസ് റാഷ്‌റഫോഡിന്റെ ഇരട്ട ഗോളുകളും ആന്ദര്‍ ഹെരേരയുടെ ഗോളുമാണ് യുണൈറ്റഡിന് ജയം സമ്മാനിച്ചത്. 29, 32 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് മാര്‍ക്കസ് എതിരാളികളെ ഞെട്ടിച്ചു. 65ാം മിനിറ്റില്‍ ഹെരേരയും സ്‌കോര്‍ ചെയ്തു. 40ാം മിനിറ്റില്‍ ഡാനി വെല്‍ബാക്കിലൂടെയും 69ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിലൂടെയും കമ്മി കുറച്ച ആഴ്‌സണലിന് പക്ഷേ, സമനില പിടിക്കാനായില്ല. ജയം യുണൈറ്റഡിനെ അഞ്ചാം സ്ഥാനത്തേക്കുയര്‍ത്തി. 27 കളികളില്‍ 44 പോയിന്റായി മാഞ്ചസ്റ്ററിലെ വമ്പന്മാര്‍ക്ക്.
















