തൊടുപുഴ: ന്യുമാന് കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് തുറന്ന ഗേറ്റ് ഭിത്തി കെട്ടി അധികൃതര്‍ അടച്ചു. കഴിഞ്ഞ ദിവസം ഇവിടെ പെണ്‍കുട്ടിയെ വാഹനമിടിച്ചതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനുശേഷം കോളജിനു അവധിയായിരുന്ന ഇന്നലെ വീണ്ടും ഗേറ്റ് സിമന്റ് ഇഷ്ടിക വച്ച് കെട്ടി അടക്കുകയായിരുന്നു. മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാമിന്റെ സ്മാരകമായി കലാം പാര്‍ക്ക് നിര്‍മ്മിക്കാനാണ് ഗേറ്റ് അടച്ചതെന്നാണ് പ്രിന്‍സിപ്പല്‍ ഡോ.ടി.എം. ജോസഫ് അറിയിച്ചത്. കോളജിലേക്ക് പുതിയ റോഡ് ബൈപാസില്‍ നിന്നു തുറന്നതോടെയാണ് കാരിക്കോട്- പോട്ട റോഡിലേക്ക് ഉണ്ടായിരുന്ന പഴയ ഗേറ്റ് അടച്ചു പൂട്ടിയത്. ഇതിനിടെ കഴിഞ്ഞ ആഴ്ച പുതിയ കവാടത്തിലേക്കുള്ള റോഡില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥിനിയെ ഇടിച്ചു വീഴ്ത്തിയിരുന്നു. വാഹനാപകടത്തിന്റെ മറവില്‍ അടച്ച ഗേറ്റ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി കവാടം തള്ളിത്തുറക്കുകയായിരുന്നു. വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടിക്കുളം, കരിമണ്ണൂര്‍ തുടങ്ങിയ തൊടുപുഴയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ മങ്ങാട്ടുകവല സ്റ്റാന്‍ഡില്‍ ബസിറങ്ങി കോളജിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന കവാടമാണ് കോളജ് അധികൃതര്‍ പൂട്ടിയത്. ഈ ഗേറ്റ് അടച്ചാല്‍ കുട്ടികള്‍ കൂടുതല്‍ ദൂരം ചുറ്റി സഞ്ചരിച്ച് കോളേജ് കാംപസില്‍ എത്തേണ്ടിവരും. നിലവിലുള്ള കവാടത്തിന്റെ വശത്തെ നടപ്പാത ക്ലാസ് തുടങ്ങുമ്പോഴും പിരിയുമ്പോഴും തുറന്നുവയ്ക്കണമെന്നു പെണ്‍കുട്ടികളടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പുറത്തു നിന്നും സമരവുമായി എത്തുന്ന ചില വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ അനധികൃതമായി കാമ്പസിനുള്ളില്‍ പ്രവേശിക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ശേഷം ഇടവഴിയിലൂടെ രക്ഷപെടുകയും ചെയ്യുന്നുണ്ട്. ഇത് തടയുന്നതിനു കൂടിയാണ് പഴയ ഗേറ്റ് പൂര്‍ണമായും അടച്ചതെന്നും കോളജ് അധികൃതര്‍ പറയുന്നു. ഇന്നു മുതല്‍ ട്രാഫിക് പോലിസിന്റെ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്താനും പോലീസിനോട് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: