പത്തനംതിട്ട: ബിജെപിയില്‍ അസ്വാരസ്യങ്ങളുണ്ടെന്ന പ്രചാരണം കല്‍പ്പിത കഥകള്‍ മാത്രമാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. റാന്നി ഹിന്ദുമത സമ്മേളനത്തില്‍ ചിന്മുദ്രാപുരസ്ക്കാരം സ്വീകരിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംഘടന ഒറ്റക്കെട്ടായാണ് നീങ്ങുന്നത്. തീരുമാനങ്ങള്‍ ഒത്തൊരുമിച്ചാണ് എടുക്കുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അതില്‍ യാഥാര്ത്ഥ്യങ്ങളൊന്നുമില്ല. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് അതത് ജില്ലാ കമ്മിറ്റികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു. ഓരോ നിയോജകമണ്ഡലത്തില്‍ നിന്നും മൂന്നുപേരുടെ പേരുകളാണ് ലിസ്റ്റുകളിലുള്ളത്. 12 ജില്ലകളില്‍ നിന്നുമുള്ള ലിസ്റ്റ് ലഭിച്ചു ബാക്കി രണ്ടു ജില്ലകളില്‍ നിന്നുള്ള ലിസ്റ്റ് രണ്ടുദിവസങ്ങളില്‍ ലഭിക്കും. മാര്‍ച്ച് 2ന് ചേരുന്ന ബിജെപി കോര്‍കമ്മിറ്റിയോഗം ലിസ്റ്റുകള്‍ പരിശോധിച്ച് കേന്ദ്രത്തിന് സമര്‍പ്പിക്കും. അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാണ്. എന്‍ഡിഎ സഖ്യവുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗവുമായും പാസ്വാന് നയിക്കുന്ന ലോക് ജനശക്തിയുമായും ചര്‍ച്ചകള്‍ നടത്തും. ബിജെഡിഎസുമായുള്ള പ്രാഥമികഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും നയപരിപാടികളും സംബന്ധിച്ച് ബിജെഡിഎസ് പാര്‍ട്ടിതലത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ചര്‍ച്ച തുടരും. പമ്പാ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മപദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. താമസിയാതെ ഉന്നതതല സംഘം പമ്പയുടെ സ്ഥിതിയെപ്പറ്റി പഠിക്കാന്‍ കേരളത്തിലെത്തും. കേന്ദ്രമന്ത്രിമാരായ ഉമാഭാരതിക്കും, പ്രകാശ് ജാവദേര്ക്കര്ക്കും സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും ഇതുമായി ബന്ധപ്പെട്ട് കത്തുകള്‍ അയച്ചിട്ടുണ്ട്. പമ്പാസംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയ നിയമമനുസരിച്ച് അതോറിറ്റിയേയും ഡയറക്ടറേയും നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് പണം അനുവദിക്കാനേ കഴിയൂ. നടപ്പിലാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നൂറുകോടി രൂപയാണ് പമ്പാസംരക്ഷണത്തിനായി അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: