കല്‍പ്പറ്റ :ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ‘അക്വാചിക്കന്‍’ എന്നറിയപ്പെടുന്ന ‘ഗിഫ്റ്റ്’ മത്സ്യത്തിന്റെ ജില്ലയിലെ ആദ്യവിളവെടുപ്പ് തെക്കുംതറ കൃഷ്ണ വിലാസത്തിലെ കെ. ശശീന്ദ്രന്റെ കൃഷിയിടത്തില്‍ നടന്നു. വിജയവാഡയിലെ രാജീവ്ഗാന്ധി സെന്റര്‍ഫോര്‍ അക്വാകള്‍ച്ചര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ഇന്ത്യയില്‍ ഗിഫ്റ്റ് മത്സ്യത്തിന്റെ പ്രചരണത്തിനും പ്രജനനത്തിനും നേതൃത്വം നല്‍കുന്നത്. രോഗ പ്രതിരോധ ശേഷിയുള്ള നൈല്‍ തിലാപ്പിയ തള്ളമത്സ്യങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മുട്ടകളില്‍ നിന്നും വിരിയിച്ചെടുക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഹോര്‍മോണ്‍ തീറ്റ നല്കി മുഴുവന്‍ മത്സ്യക്കുഞ്ഞുങ്ങളേയും ആണ് മത്സ്യങ്ങളാക്കി, ത്വരിത വളര്‍ച്ചയും മികച്ച അതിജീവനശേഷിയും ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗിഫ്റ്റ് ഉല്പാദിപ്പിക്കുന്നത്. ഇരുപത്തഞ്ച് ദിവസം പ്രായമായ ആണ് മത്സ്യങ്ങളെ സാധാരണ മണ്‍കുളങ്ങളില്‍ സംഭരിച്ച് വളര്‍ത്തുന്നു. 10 മാസംകൊണ്ട് ഒരു കിലോഗ്രാം വരെ ഈ മത്സ്യം വളരും.
സാധാരണയായി തിലാപ്പിയ ഓരോ ഇരുപത്തെട്ട് ദിവസം കഴിയുമ്പോഴും പ്രജനനം നടത്തുന്നതിനാല്‍ പരമാവധി ഭാരം 200 ഗ്രാമില്‍ ഒതുങ്ങും. പ്രത്യുല്പാദന പ്രക്രിയയില്‍ ധാരാളം ഊര്‍ജ്ജം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ പെണ്‍മത്സ്യങ്ങളെ ഈ കൃഷിയില്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഒരു കിലോ ഗിഫ്റ്റ് മത്സ്യത്തിന് 400 രൂപയാണ് കര്ഷകന് ലഭിക്കുക. ചുരുങ്ങിയത് അമ്പത് സെന്റ് വിസ്തീര്‍ണ്ണമുള്ള കുളങ്ങളിലാണ് ഗിഫ്റ്റ് മത്സ്യം വളര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുന്നത്. പ്രോട്ടീന്‍ സാന്ദ്രതയേറിയ കൃത്രിമത്തീറ്റ നല്‍കിയാണ് ഇവയെ വളര്‍ത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച മത്സ്യകര്‍ഷകന്റെ അവാര്‍ഡ് നേടിയ ശശീന്ദ്രന് ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സി മാനേജിംഗ് കമ്മിറ്റിയിലെ കര്‍ഷക പ്രതിനിധിയാണ്. വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ഭരണസമിതിയംഗം കൂടിയാണ് ഇദ്ദേഹം.
ഫിഷറീസ് വകുപ്പിന്റെ നൂതന ജലകൃഷി രീതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ ഗിഫ്റ്റ് കൃഷി വിജയിച്ചതിന്റെ ആവേശത്തില്‍ രണ്ടേക്കറോളം വരുന്ന പുതിയ ഒരു ജലാശയം ഒരുക്കുന്ന തിരക്കിലാണ് ശശീന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: