മിര്‍പൂര്‍: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് തുടരെ രണ്ടാം ജയം. പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കി ഇന്ത്യ. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ കളിയില്‍ വിരാട് കോഹ് ലിയുടെ (49) പോരാട്ടമാണ് മത്സരം ഇന്ത്യയ്‌ക്ക് അനുകൂലമാക്കിയത്. സ്‌കോര്‍: പാക്കിസ്ഥാന്‍ – 83 (17.3/20), ഇന്ത്യ – 85/5 (15.3/20).
വിലക്കിനു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ മുഹമ്മദ് അമീര്‍ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയെ വിറപ്പിച്ചെങ്കിലും വിരാടും ഒപ്പം യുവരാജും (14 നോട്ടൗട്ട്) പിടിച്ചു നിന്നതോടെ ജയം ഇന്ത്യയുടെ വഴിക്കായി. ഓപ്പണര്‍ രോഹിത് ശര്‍മയെയും പരിക്കേറ്റ ശിഖര്‍ ധവാനു പകരം ഇന്നിങ്‌സ് തുറക്കാനെത്തിയ അജിങ്ക്യ രഹാനെയെയും അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ മടക്കിയ അമീര്‍, അപകടകാരിയായ സുരേഷ് റെയ്‌നയെയും (ഒന്ന്) തിരിച്ചയച്ച് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. പിന്നീടാണ് വിരാടും യുവരാജും ഒത്തുചേര്‍ന്നത്. മുഹമ്മദ് ഇര്‍ഫാന്റെ തുടരെ ഓവറുകളില്‍ യുവരാജിന് ജീവന്‍ ലഭിച്ചത് കളിയിലെ വഴിത്തിരിവ്.
ശ്രദ്ധയോടെ തുടങ്ങിയ വിരാട് ഇടയ്‌ക്കിടെ തന്റെ തനതു ശൈലിയിലേക്കു വഴിമാറി എങ്കിലും കടന്നാക്രമണത്തിന് മുതിര്‍ന്നില്ല ഉപനായകന്‍. 51 പന്തില്‍ ഏഴു ഫോറുകളോടെ 49 റണ്‍സ് വിരാടിന്റെ സമ്പാദ്യം. യുവരാജ് പുറത്താകാതെ 14 റണ്‍സ് നേടി. വിരാട് മടങ്ങിയ ശേഷമെത്തിയ ഹാര്‍ദിക് പാണ്ഡ്യ (പൂജ്യം) വേഗം മടങ്ങിയെങ്കിലും, യുവരാജിനൊപ്പം ചേര്‍ന്ന് ധോണി (ഏഴ് നോട്ടൗട്ട്) ലക്ഷ്യം പൂര്‍ത്തിയാക്കി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പാക്കിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂച്ചുവിലങ്ങിട്ടു. 3.3 ഓവറില്‍ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മികച്ചു നിന്നത്. രവീന്ദ്ര ജഡേജ രണ്ടും, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, യുവരാഡ് സിങ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദിനും (25), അരങ്ങേറ്റക്കാരന്‍ ഖുറാം മന്‍സൂറിനും (10) മാത്രമേ പാക് ബാറ്റ്‌സ്മാന്മാരില്‍ രണ്ടക്കം തികയ്‌ക്കാനായുള്ളു. 24 പന്തില്‍ മൂന്നു ഫോറുകളോടെയാണ് സര്‍ഫ്രാസ് 25 റണ്‍സെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയ 15 എക്‌സ്ട്രാ റണ്‍സ് പാക് ഇന്നിങ്‌സിലെ രണ്ടാമത്തെ വലിയ സ്‌കോര്‍. ട്വന്റി20യില്‍ പാക്കിസ്ഥാന്റെ കുറഞ്ഞ മൂന്നാമത്തെ സ്‌കോറാണിത്. 2012ല്‍ ദുബായില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടിയ 74 കുറഞ്ഞ സ്‌കോര്‍. 2014ലെ ലോകകപ്പ് ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 82 പിന്നത്തെ കുറഞ്ഞ സ്‌കോര്‍.
സ്‌കോര്‍ബോര്‍ഡ്പാക്കിസ്ഥാന്‍
മുഹമ്മദ് ഹഫീസ് സി ധോണി ബി നെഹ്‌റ 4, ഷര്‍ജീല്‍ ഖാന്‍ സി രഹാനെ ബി ബുംറ 7, ഖുറാം മന്‍സൂര്‍ റണ്ണൗട്ട് (വിരാട്) 10, ഷൊയ്ബ് മാലിക്ക് സി ധോണി ബി ഹാര്‍ദിക് 4, ഉമര്‍ അക്മല്‍ എല്‍ബിഡബ്ല്യു ബി യുവരാജ് 3, സര്‍ഫ്രാസ് അഹമ്മദ് ബി ജഡേജ 25, ഷാഹിദ് അഫ്രീഡി റണ്ണൗട്ട് (ജഡേജ/ധോണി) 2, വഹാബ് റിയാസ് എല്‍ബിഡബ്ല്യു ബി ജഡേജ 4, മുഹമ്മദ് സമി സി റെയ്‌ന ബി ഹാര്‍ദിക് 8, മുഹമ്മദ് അമീര്‍ ബി ഹാര്‍ദിക് 1, മുഹമ്മദ് ഇര്‍ഫാന്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 15, ആകെ 17.3 ഓവറില്‍ 83ന് പുറത്ത്
വിക്കറ്റ് വീഴ്ച: 1-4, 2-22, 3-32, 4-35, 5-35, 6-42, 7-52, 8-70, 9-83, 10-83.
ബൗളിങ്: ആശിഷ് നെഹ്‌റ 3-0-20-1, ജസ്പ്രീത് ബുംറ 3-2-8-1, ഹാര്‍ദിക് പാണ്ഡ്യ 3.3-0-8-3, യുവരാജ് സിങ് 2-0-11-1, രവീന്ദ്ര ജഡേജ 3-0-11-2, ആര്‍. അശ്വിന്‍ 3-0-21-0.
ഇന്ത്യ
രോഹിത് ശര്‍മ എള്‍ബിഡബ്ല്യു ബി മുഹമ്മദ് അമീര്‍ 0, അജിങ്ക്യ രഹാനെ എല്‍ബിഡബ്ല്യു ബി മുഹമ്മദ് അമീര്‍ 0, വിരാട് കോഹ്‌ലി എല്‍ബിഡബ്ല്യു ബി മുഹമ്മദ് സമി 49, സുരേഷ് റെയ്‌ന സി വഹാബ് റിയാസ് ബി മുഹമ്മദ് അമീര്‍ 1, യുവരാജ് സിങ് നോട്ടൗട്ട് 14, ഹാര്‍ദിക് പാണ്ഡ്യ സി ഹഫീസ് ബി സമി 0, എം.എസ്. ധോണി നോട്ടൗട്ട് 7, എക്‌സ്ട്രാസ് 14, ആകെ 15.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 85.
വിക്കറ്റ് വീഴ്ച: 1-0, 2-2, 3-8, 4-76, 5-76.
ബൗളിങ്: മുഹമ്മദ് അമീര്‍ 4-0-18-3, മുഹമ്മദ് സമി 4-0-16-2, മുഹമ്മദ് ഇര്‍ഫാന്‍ 4-0-16-0, വഹാബ് റിയാസ് 3.3-0-31-0.
















