സൂറിച്ച്: ആഗോള ഫുട്ബോള്‍ സംഘടനയെ (ഫിഫ) ശുദ്ധീകരിക്കുകയെന്ന ലക്ഷ്യമാണ് പുതിയ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്റീനോയെ കാത്തിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ സ്വിറ്റ്സര്‍ലാന്‍ഡുകാരന്‍ സെപ് ബ്ലാറ്ററുടെ അഴിമതിക്കറകള്‍ കഴുകിക്കളയാന്‍ അതേ നാട്ടില്‍നിന്നെത്തുന്ന ഇന്‍ഫന്റീനോയ്ക്ക് കഴിയുമോയെന്നതിനും സ്ഥാനലബ്ധി ഉത്തരം നല്‍കും. ഫിഫയുടെ ഒമ്പതാമത്തെ അധ്യക്ഷനാണ് യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയുടെ (യുവേഫ) ജനറല്‍ സെക്രട്ടറിയായ ജിയാനി ഇന്‍ഫന്റിനോ.
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 115 വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റും ബഹ്റൈന്‍ രാജകുടുംബാംഗവുമായ ശൈഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയെയാണ് (88 വോട്ട്) ഇന്ഫന്റീന മറികടന്നത്. ആദ്യ ഘട്ടത്തില്‍ ഇന്‍ഫന്റീനോയ്ക്ക് 88, സല്മാന് 85 വോട്ടുകള്‍ ലഭിച്ചു. ജോര്‍ദാന്‍ രാജകുമാരന് അലി ബിന്‍ ഹുസൈന് – 27, ജേറോം ഷാംപെയ്ന്‍ – ഏഴ് എന്നിങ്ങനെ ആദ്യഘട്ടത്തിലെ വോട്ടിങ് നില.
രണ്ടാമത്തേതില്‍ അലി രാജകുമാരന് നാലു വോട്ട് ലഭിച്ചപ്പോള്‍ ജെറോമിന് വോട്ടൊന്നും ലഭിച്ചില്ല.
1974ന് ശേഷം രണ്ടാം ഘട്ട വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ കണ്ടെത്തിയ ആദ്യ തെരഞ്ഞെടുപ്പു കൂടിയായി ഇത്. സെപ് ബ്ലാറ്ററും ജോര്‍ദന്‍ രാജകുമാരനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ആദ്യ ഘട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. രണ്ടാം ഘട്ടത്തിലേക്ക് പോകുന്നതിന് മുന്‍പ് ജോര്‍ദ്ദാന്‍ രാജകുമാരന് പിന്മാറി.
ഫുട്ബോള്‍ സംഘാടന മേഖലയിലെ മികവുറ്റ വ്യക്തിത്വങ്ങളിലൊരാളാണ് ജിയാനി ഇന്‍ഫന്റീനോ. യൂറോ കപ്പ് 24 ടീമുകളാക്കി ഉയര്‍ത്തിയും 2020ലേത് ലീഗ് രൂപത്തിലാക്കിയതും ഇന്‍ഫന്റീനോയുടെ പരിഷ്കാരങ്ങള്‍. യുവേഫയിലെ ജനസമ്മതനായി ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: