തുറവൂര്‍: വേനല്‍ കടുത്തതോടെ ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖല കുടിനീരിനായി നെട്ടോട്ടത്തില്‍. ജപ്പാന് കുടിവെള്ള പദ്ധതി ആരംഭിച്ചതോടെ പാരമ്പരാഗത ശുദ്ധജലസ്രോതസുകളായ കുളങ്ങള്‍, കിണറുകള്‍,എന്നിവ ഉപയോഗിക്കാതെ നാശോന്മുഖമായതോടെ ജനങ്ങള്‍ തീര്‍ത്തും ദുരിതത്തിലായി. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ പ്രദേശത്തെ വയലാര്‍, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നി പഞ്ചായത്തു പ്രദേശങ്ങളെല്ലാം വരള്‍ച്ചയുടെ പിടിയിലായിരിക്കുകയാണ്. ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ നടപ്പാക്കിയ ജപ്പാന് ശുദ്ധജലപദ്ധതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായതും ജനങ്ങളുടെ ദുരിതം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കയാണ്. മുന്‍വര്‍ഷങ്ങളില്‍ വേനലടുക്കുമ്പോള്‍ പഞ്ചായത്തുകള്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കുളങ്ങളും കിണറുകളും ശുദ്ധീകരിക്കുക പതിവായിരുന്നു. എന്നാല്‍ ഇക്കുറി ഇത്തരത്തിലുള്ള ശുദ്ധീകരണ പരിപാടികളൊന്നും നടപ്പാക്കിയിട്ടില്ല. പ്രദേശത്തെ ഒട്ടു മിക്ക പാടശേഖരങ്ങളിലും മത്സ്യക്കൃഷിക്കായി ഓരുവെള്ളം കയറ്റിയിട്ടിരിക്കുന്നതിനാല്‍ കിണറുകളിലേയും കുളങ്ങളിലേയും ജലം ഉപ്പുരസം നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കയാണ്. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജപ്പാന് കുടിവെള്ള വിതരണ പദ്ധതിയും താളംതെറ്റിയിരിക്കുകയാണ്. അയ്യായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെ മുടക്കി കണക്ഷന് എടുത്തവര്‍ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട ദുരവസ്ഥയിലാണ്. വെള്ളം കിട്ടാത്ത കുടിവെള്ള കണക്ഷന് നല്കി ഉദ്യോഗസ്ഥരും സ്വകാര്യ പ്ലംബര്‍മാരും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ജനങ്ങളെ കൊള്ളയടിച്ചതല്ലാതെ ആര്‍ക്കും ഒരുതുള്ളി വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയാണ്. നാടാകെ കോടികള്‍ മുടക്കി നിര്‍മ്മിച്ച ലക്ഷക്കണക്കിന് ലിറ്റര്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ ജലസംഭരണികള്‍ പലതുംഭാഗികമായിപ്പോലും ഉപോയോഗിക്കാതെ നാശത്തിന്റെ വക്കിലാണ്. നാടുനീളെ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പുകള്‍ അടിക്കടി പൊട്ടുന്നത് പദ്ധതിയ്ക്കു പിന്നിലെ അഴിമതിയിലേക്കും ഇതിന്റെ പരാജയത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. പദ്ധതിയ്ക്കായി നിര്‍മ്മിച്ച തൈക്കാട്ടുശേരിയിലെ ട്രീറ്റ്മെന്റ് പ്ലാന്റില്‍ സംഭരണ ശേഷിയുടെ നാലിലൊന്ന് ജലം പോലുംഎത്തിക്കാനാവാത്ത സ്ഥിതിയാണ്. പദ്ധതി കണ്മീഷന് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ണ തോതില്‍ ജലവിതരണം സാധ്യമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. രണ്ടാഴ്ച്ചയിലൊരിക്കല്‍ പാതിരാത്രിയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ പമ്പിങ് നടത്തി ജനങങളുടെ കണ്ണില്‍ പൊടിയിടുകയാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: