പുനലൂര്‍: ചൂടിനൊപ്പം നാരങ്ങ വിലയുമേറുന്നു. നഗരത്തില്‍ ദിവസവും ചൂട് ഏറുന്നതിനൊപ്പം ശീതളപാനീയങ്ങള്‍ക്കും വിലയേറുകയാണ്. ഇക്കുറി നഗരത്തില്‍ തമിഴ്നാട്ടില്‍ നിന്നും വലിയതോതില്‍ കരിമ്പ് എത്താത്തതിനാല്‍ ജ്യൂസിന് പുറമെ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത് നാരങ്ങവെള്ളമാണ്. ദാഹശമനി എന്നതിന് പുറമേ ശരീരത്തിന്റെ ദഹനപ്രക്രിയകള്ക്കുമെല്ലാം ഏറെ ഗുണം ചെയ്യുന്ന നാരങ്ങയ്ക്ക് പ്രിയമേറിയതോടെ വിലയും കുത്തനെ ഉയര്‍ന്നു.
വേനല്‍ചൂട്, വിവാഹം, ഉത്സവം എന്നിവ എത്തുമ്പോള്‍ നാരങ്ങയുടെ വിലയേറാറുണ്ട്. എന്നാല്‍ കടുത്ത വേനല്‍ചൂടും തമിഴ്നാട്ടില്‍ നാരങ്ങ ഉല്‍പ്പാദനം കുറഞ്ഞതുമാണ് ലഭ്യതയിടിയാന് കാരണമായത്. നാരങ്ങ തരംതിരിച്ച് ഒന്നിന്റെ വില മൂന്നുമുതല്‍ അഞ്ചുവരെയാണ്. മൊത്തക്കച്ചവടത്തില്‍ ആയിരം നാരങ്ങ വാങ്ങണമെങ്കില്‍ 3000 മുതല്‍ 3500 രൂപ വരെയാണ് വില. ഈ നിലയില്‍ നാരങ്ങാവില ഉയര്‍ന്നാല്‍ ഏപ്രില്‍മാസം എത്തുമ്പോള്‍ വലിയ നാരങ്ങ ഒന്നിന് ഏഴുമുതല്‍ ഒമ്പത് വരെയാകുമെന്ന് വ്യാപാരികള്‍ തന്നെ പറയുന്നു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ നാരങ്ങ എത്തുന്ന പുളിയക്കുടി മാര്‍ക്കറ്റില്‍ നിന്നും നാരങ്ങ കാര്യമായ തോതില്‍ എത്താത്തതും വില കൂടാന്‍ കാരണമായി. എന്നാല്‍ വഴിവാണിഭക്കാരില്‍ നിന്നും വിലക്കുറച്ച് നാരങ്ങ ലഭിക്കുമെന്ന് പറയുമ്പോള്‍ ഈ നാരങ്ങയില്‍ നീര് കുറവാണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: