ന്യൂദല്‍ഹി: ഗുജറാത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന് ഭീകരവനിതയായിരുന്നുവെന്ന സത്യം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്ന് നീക്കിയത് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നുവെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള. 19കാരിയായിരുന്ന അവര്‍ക്ക് ലഷ്ക്കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ടായിരുന്നു. ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം ഒഴിവാക്കിയത് രാഷ്ട്രീയ സമര്‍ദ്ദത്തെത്തുടര്‍ന്നാണ്. അദ്ദേഹം പറഞ്ഞു.
2009ല്‍ പി. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത്, ഏറ്റുമുട്ടല്‍ കേസില്‍ രണ്ട് സത്യവാങ്മൂലങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. 2009 ആഗസ്റ്റ് ആറിന് ഗുജറാത്ത് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇസ്രത്തും ജാവേദ് ഗുലാം ഷെയ്ഖും ലഷ്ക്കര്‍ അംഗങ്ങളായിരുന്നുവെന്നാണ് ചേര്‍ത്തിരുന്നത്. സപ്തംബറില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം മലക്കം മറിഞ്ഞു. ഗുജറാത്ത് പോലീസ് എടുത്ത നടപടികളെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് പറയുന്ന രണ്ടാം സത്യവാങ്മൂലത്തില്‍ ഗുജറാത്ത് പോലീസിനെ ന്യായീകരിക്കുന്നില്ലെന്നും എടുത്തു പറയുന്നു. ഇസ്രത്തിനെതിരായ പരാമര്‍ശം നീക്കിയത് തന്റെ ആവശ്യപ്രകാരം ആയിരുന്നില്ല. അത് രാഷ്ട്രീയതലത്തിലുള്ള ആവശ്യപ്രകാരമായിരുന്നു. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം സമ്മതിച്ചു. മാറ്റിയത് എന്തിന് എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരോട് ചോദിക്കൂയെന്നായിരുന്നു ഉത്തരം. അത് (നാലംഗ സംഘം കൊല്ലപ്പെട്ട ഓപ്പറേഷന്) വിജയകരമായ ഒരു ഓപ്പറേഷനായിരുന്നു.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ സംഘത്തിന്റെ മറയായിരുന്നു ഇസ്രത്ത്. 2004ലുണ്ടായ ഏറ്റുമുട്ടലിലാണ് അവരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടത്. ലഷ്കര്‍ ബന്ധത്തിന് വ്യക്തമായ തെളിവില്ലെന്ന് ഐബി പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഇസ്രത്തിന് ഭീകരബന്ധമുണ്ടെന്ന സത്യം മറച്ചുവച്ചത്. പിള്ള തുടര്‍ന്നു. ഇസ്രത്ത് ലഷ്കര്‍ ചാവേറായിരുന്നുവെന്ന് അടുത്തിടെ അമേരിക്കന്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി മുംബൈ ടാഡ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ, കോണ്‍ഗ്രസുകാരനായ മുതിര്‍ന്ന കേന്ദ്രമന്ത്രിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സത്യം മറച്ചുവച്ചതെന്ന് അടുത്തിടെ മുന്‍ഐബി ഡയറക്ടര്‍ രജേന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു.
അവിവാഹിതയായ മുസഌം യുവതി വിവാഹിതനായ ഒരാള്‍ക്കൊപ്പം, ഭാര്യാഭര്ത്താക്കന്മാരെപ്പോലെ രാത്രികള്‍ ചെലവിടുക. അതില്‍ കുഴപ്പമുണ്ടെന്നും ഇസ്രത്തിന് അറിയാമായിരുന്നു. പക്ഷെ അവള് അവര്‍ക്ക് ഒരു മറയായിരുന്നു. പിള്ള തുടര്‍ന്നു.
ആ സംഭവത്തെ വ്യാജഏറ്റുമുട്ടലായി കണക്കാക്കുന്നത് ന്യായമല്ല. അത് ലഷ്കറിനെതിരായ ഒരു രഹസ്യ ഓപ്പറേഷനായിരുന്നു. അത് വ്യാജ ഏറ്റുമുട്ടലല്ല. അദ്ദേഹം പറഞ്ഞു.
ഇസ്രത്ത് ലഷ്കര്‍ വനിതയാണെന്ന് ഐബിക്ക് അറിയാമായിരുന്നുവെന്ന് അടുത്തിടെ യുപിഎ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന എംകെ നാരായണനും സമ്മതിച്ചിരുന്നു.
കേസ് രാഷ്ട്രീയവല്‍ക്കരിച്ചു
ന്യൂദല്‍ഹി: ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ കേസ് വല്ലാതെ രാഷ്ട്രീയവല്‍ക്കരിച്ച് സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ജികെ പിള്ള. സിബിഐ വിവരങ്ങള്‍ ചോര്‍ത്തി നല്കി. അവര്‍ അങ്ങേയറ്റം നിയന്ത്രണം പാലിക്കണമായിരുന്നു. ആ സമയത്ത് (കേസ് മുറുകിയ സമയത്ത്) ഞാനായിരുന്നു ആഭ്യന്തര സെക്രട്ടറിയെങ്കില്‍ സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തി ഇത് അസ്വീകാര്യമാണെന്ന് പറയുമായിരുന്നു. ഞാന്‍ കേസ് സിബിഐക്ക് കൈമാറുമായിരുന്നില്ല. അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.
കേസില്‍ കോണ്‍ഗ്രസ് ദേശീയ താല്പര്യം ബലികഴിച്ചുവെന്ന കാര്യം ഇതോടെ കൂടുതല്‍ വെളിവായി. മോദിയെ വധിക്കാന്‍ നാലംഗ ലഷ്കര്‍ സംഘമാണ് അന്ന് എത്തിയത്. വിവരമറിഞ്ഞ് അവരെ പിന്തുടര്‍ന്ന ഐബിയുടെ സഹായത്തോടെയാണ് അന്ന് ഗുജറാത്ത് പോലീസ് ഇവരെ തടഞ്ഞത്. ഇതേത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടലുണ്ടായതും മലയാളിയായ ജാവേദ് ഷെയ്ഖും (പ്രാണേഷ് പിള്ള) ഇസ്രത്തും അടക്കം നാലു ഭീകരര്‍ കൊല്ലപ്പെട്ടതും. മോദിയെ വധിക്കാന്‍ എത്തിയ സംഘത്തെ അന്ന് വെള്ളപൂശുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഭാരതത്തിലെ ഒരു മുഖ്യമന്ത്രിയെ വധിക്കാന്‍ എത്തിയ സംഘത്തെ അങ്ങനെ യുപിഎ സര്‍ക്കാര്‍ നിരപരാധികളായി ചിത്രീകരിച്ചു. രാഷ്ട്രീയപരമായ നടപടി ദേശതാല്പര്യമാണ് തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: