കൊച്ചി: പുതിയ നൂറ്റാണ്ടില്‍ സമൂഹത്തില്‍ കടന്നു കൂടിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ശരിയായി നടപ്പിലാക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് സംഘടിപ്പിച്ച ഇന്ത്യന്‍ പീനല്‍കോഡ് 155-ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയല്‍ ആവശ്യങ്ങള്‍ക്കായി മാത്രം ഉണ്ടാക്കിയ ശിക്ഷാ നിയമത്തില്‍ വളരെ കുറച്ച് കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ പ്രോസിക്യൂഷന് നടപടികള്‍ വ്യവസ്ഥ ചെയ്തിരുന്നുള്ളു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഒട്ടേറെ ക്രൂര കൃത്യങ്ങളുടെ വിളനിലമായി സമൂഹം മാറി. ഇതിനെ നേരിടാന്‍ നിലവിലുള്ള നിയമം പോരാതെ വരുന്നു. കാലഘട്ടത്തിന്റെ മാറ്റം കണക്കിലെടുക്കുമ്പോള്‍ പൊളിച്ചെഴുത്ത് ആവശ്യമാണ്. രാജ്യത്തിന്റെ സമൂലമായ വികസനത്തിന് സാമ്പത്തിക വളര്‍ച്ച അനിവാര്യമാണ്. സാമ്പത്തിക വളര്‍ച്ച നേടുന്നതിനൊപ്പം തന്നെ സാമ്പത്തിക കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരികയാണ്. ഇതിനെ ഫലപ്രദമായി നേരിടാന്‍ പറ്റുന്ന നിയമം ഉണ്ടാക്കുക അസാധ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഓണ്‍ ലൈന്‍ ചൂതാട്ടം തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങളാണ് ഈ നൂറ്റാണ്ടില്‍ വര്‍ധിച്ചു വരുന്നത്. അതു കൊണ്ടു തന്നെ ഇവയെ നേരിടാനുള്ള ഫലപ്രദമായ ശിക്ഷാ നിയമം കൊണ്ടു വരിക ബുദ്ധിമുട്ടാണെങ്കിലും രാഷ്ട്ര വളര്‍ച്ച കണക്കിലെടുത്ത് ഈ വെല്ലുവിളി സ്വീകരിച്ചെ മതിയാകു.
ക്രമസമാധാന പാലനമാണ് ഇതില്‍ പോലീസിനുള്ള മുഖ്യ കര്‍ത്തവ്യം. ആത്മാര്‍ഥതയോടുള്ള പോലീസ് സേവനം നിയമം നടപ്പാക്കലും കൊണ്ട് കുറ്റകൃത്യങ്ങള്‍ ഏറെക്കുറെ കുറക്കാനാവും. നിയമം നടപ്പാക്കുന്ന ഒരു ഏജന്‍സിയായി പോലീസ് പ്രവര്‍ത്തിക്കണം. ആത്മാര്‍ഥമായ ഒരു നീക്കം പൊലീസില്‍ നിന്നുണ്ടാകണമെന്നും രാഷ്ട്രപതി. കുറ്റവാളികള്‍ രക്ഷപെടാതിരിക്കാന്‍ കുറ്റമറ്റതായ ഒരു വിചാരണക്ക് പ്രോസിക്യൂട്ടര്‍മാരുടെ പങ്ക് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: