ഡെറാഡൂണ്‍: ‘ദ ഗ്രേറ്റ് ഖാലി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുന്‍ ലോക റെസ്ലര് ദലിപ് സിങ് റാണയ്ക്ക് പ്രചാരണമത്സരത്തിനിടെ പരിക്കേറ്റു. ബുധനാഴ്ച രാത്രി ഹല്‍ദ്വാനില്‍ നടന്ന കോണ്ടിനെന്റെല് റെസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ് (സിഡബ്ല്യൂഇ) എന്ന പരിപാടിയില്‍ വിദേശ താരങ്ങളുടെ കസേര കൊണ്ടുള്ള ആക്രമണത്തിലാണ് പരിക്കേറ്റത്. നെറ്റിയില്‍ മുറിവേറ്റ ഖാലിയെ പെട്ടന്നുതന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് സിടി സ്കാനിലും എക്സ്റേയിലും തലയ്ക്കും നെഞ്ചിനും പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്കുമാറ്റി. നെറ്റിയില്‍ ഏഴു സ്റ്റിച്ചുണ്ട്. ബ്രോഡി സ്റ്റീല്‍, മൈക്ക് നോക്സ്, അപ്പോളോ ലിയോണ്‍ എന്നിവരാണ് മത്സരത്തിനിടെ 44 കാരനായ ഖാലിയെ കസേര കൊണ്ട് അടിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഖാലിയുടെ സഹോദരന് സുരേന്ദര്‍ റാണ പറഞ്ഞു. പ്രൊഫഷണല്‍ താരമാകുന്നതിന് മുന്‍പ് പഞ്ചാബ് പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന ഖാലി പഞ്ചാബ് രാജ്പൂത് കുടുംബാംഗമാണ്. 2007 ജൂലൈയിലാണ് അദ്ദേഹം ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: