ആലപ്പുഴ: ഇന്റര്‍നാഷണല്‍ റഫറിയും ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) കോമ്പറ്റീഷന്‍ മാനേജരുമായ തിരുവനന്തപുരം സ്വദേശി ഗണേശന്‍ നീലകണ്ഠ അയ്യരെ ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര തലത്തിലുള്ള അഞ്ച് മത്സരങ്ങളുടെ പ്രധാന റഫറിയായി തെരഞ്ഞെടുത്തു. ഇന്‍ഡോര്‍ വേള്‍ഡ് ജൂനിയര്‍ സര്‍ക്യൂട്ട് ടേബിള്‍ ടെന്നിസ് ഫൈനല്‍സ്, ഷില്ലോംഗ് സാഫ് ഗയിംസ് ടേബിള്‍ ടെന്നിസ് എന്നിവ ഇതിനകം നടന്നുകഴിഞ്ഞു.
ക്വാലാലംപൂര്‍ പെര്‍ഫെക്ട് വേള്‍ഡ് ടീം ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ഡെപ്യൂട്ടി റഫറി, ഓസ്‌ടേലിയ ബന്‍ഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്പിലും ബെന്‍ഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ഒളിമ്പിക് ക്വാളിഫിക്കേഷന്‍ ടൂര്‍ണമെന്റിലും കോമ്പറ്റീഷന്‍ മാനേജരായാണ് പങ്കെടുക്കുക. ലോക ചാമ്പ്യന്‍ഷിപ്പില്‍ 25 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു ഭാരതീയനു റഫറിഷിപ്പ് കിട്ടുന്നത്.
ദേശീയ തലത്തില്‍ 1998 മുതല്‍ മത്സര നിയന്ത്രണ രംഗത്തുള്ള ഗണേശന്‍ 2009 മുതല്‍ തുടര്‍ച്ചയായി ഇന്റര്‍നാഷണല്‍ ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ (ഐടിടിഎഫ്) കോമ്പറ്റീഷന്‍ മാനേജരായും റഫറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 30 വര്‍ഷത്തെ സേവനത്തിനു ശേഷം ടേബിള്‍ ടെന്നിസിനോടുള്ള താത്പര്യത്തെത്തുടര്‍ന്നു വിരമിച്ചു.
ടേബിള്‍ ടെന്നിസ് സംഘാടക രംഗത്തേക്കിറങ്ങിയ ഗണേശന്‍ ഇപ്പോള്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എംബിഎ വിദ്യാര്‍ഥിയുമാണ്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഓഫീസറായ വി. മീനാക്ഷിയാണ് ഭാര്യ. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സൗമ്യ മകള്‍.
















