പൂനെ: സൗരാഷ്‌ട്രയെ ഇന്നിങ്‌സിനും 21 റണ്‍സിനും തകര്‍ത്ത് മുംബൈ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി. 2012-13 സീസണുശേഷം ആദ്യമായാണ് മുംബൈ രഞ്ജി ട്രോഫിയില്‍ മുത്തമിടുന്നത്.
41-ാം തവണയാണ് മുംബൈ രഞ്ജി കിരീടം നേടുന്നത്. അതേസമയം രണ്ടാം തവണ ഫൈനല്‍ കളിച്ച സൗരാഷ്‌ട്രക്ക് കിരീടം സ്വന്തമാക്കാന്‍ ഇനിയും കാത്തിരിക്കണം. ഒന്നാം ഇന്നിങ്‌സില്‍ 136 റണ്‍സിന്റെ ലീഡ് നേടിയ മുംബൈ രണ്ടാം ഇന്നിങ്‌സില്‍ സൗരാഷ്‌ട്രയെ 115 റണ്‍സിന് എറിഞ്ഞിട്ടാണ് കിരീടം സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നേടിയ ഷര്‍ദുള്‍ താക്കൂറാണ് സൗരാഷ്‌ട്രയെ തകര്‍ത്തത്. ബര്‍വീന്ദര്‍ സന്ധു, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. രണ്ട് ദിവസത്തിലേറെ ബാക്കിനില്‍ക്കേയാണ് മുംബൈയുടെ വിജയം. സ്‌കോര്‍: സൗരാഷ്‌ട്ര 235, 115. മുംബൈ ഒന്നാം ഇന്നിങ്‌സ് 371. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ മുംബൈയുടെ ശ്രേയസ് അയ്യരാണ് മാന്‍ ഓഫ് ദ മാച്ച്.
രണ്ടാം ഇന്നിങ്‌സില്‍ 27 റണ്‍സ് നേടിയ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ് സൗരാഷ്‌ട്രയുടെ ടോപ്‌സ്‌കോര്‍. സൗരാഷ്‌ട്ര നിരയില്‍ ആറ് പേര്‍ രണ്ടക്കം കടക്കാതെ മടങ്ങുകയും ചെയ്തു.
ഇന്നലെ എട്ടിന് 262 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച മുംബൈക്ക് വേണ്ടി സിദ്ദേഷ് ലാദ് അര്‍ദ്ധസെഞ്ചുറി നേടി. അവസാന വിക്കറ്റില്‍ ബല്‍വീന്ദര്‍ സന്ധുവിനോടൊപ്പം (പുറത്താകാതെ 34) 103 റണ്‍സ് ലാദ് കൂട്ടിച്ചേര്‍ത്തതോടെയാണ് മുംബൈ സ്‌കോര്‍ 371-ല്‍ എത്തിയത്. നാല് വിക്കറ്റ് നേടിയ ജയദേവ് ഉനദ്കത് സൗരാഷ്‌ട്രയ്‌ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
















