കോട്ടയം: എം.ജി.സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിനി ദീപ.പി.മോഹനനെ മാനസികമായി പീഡിപ്പിച്ച ഡോ. നന്ദകുമാര്‍ കളരിക്കലിനെ സര്‍വ്വകലാശാലയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് എബിവിപി മാര്‍ച്ച് നടത്തി. സംഭവം നടന്ന് നാളിതുവരെയയിട്ടും സര്‍വ്വകലാശാല അധികൃതരുടെ ഭാരത്തുനിന്നോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ അദ്ധ്യാപകനെതിരെ ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, ആഭ്യന്തരമന്ത്രിക്ക് പരാതി നല്കാന് ചെന്നപ്പോള്‍ മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അവഹേളിച്ചു. പ്രസ്തുത വിഷയത്തില്‍ നടപടി എടുത്തില്ലെങ്കില്‍ എബിവിപി ശക്തമായ സമരപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്.കൃഷ്ണരാജ് പറഞ്ഞു. ധിക്കാരപരമായ നിലപാട് തുടര്‍ന്നാല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴിയില്‍ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുനക്കര മൈതാനിയില്‍നിന്നും ആരംഭിച്ച മാര്‍ച്ച് ഗാന്ധിസ്ക്വയറിന് മുന്നില്‍ പോലീസ് തടഞ്ഞു. മാര്‍ച്ചിന് എബിവിപി വിഭാഗ് കണ്‍വീനര്‍ ശരത്ത് ശിവന്, ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി.വി.എസ്.വിഷ്ണു, വി.പ്രഭാത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: