ആലപ്പുഴ: കറവക്കാരുടെ ദൗര്‍ലഭ്യംമൂലം പശുവിനെ കറക്കാന്‍ കഴിയാത്ത ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പുതിയ പദ്ധതിയുമായി മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്. സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ ക്ഷീരകര്‍ഷകരുടെ വീടുകളിലെത്തി യന്ത്രങ്ങളുപയോഗിച്ച് പശുവിനെ കറക്കുന്ന പദ്ധതിക്കാണ് യൂണിയന് തുടക്കമിടുന്നത്.
നാനോ കാറില്‍ രണ്ട് കറവ യന്ത്രങ്ങളുമായാണ് പശുവിനെ കറക്കാന്‍ ചുമതലപ്പെടുത്തിയവര്‍ എത്തുക. ഒരു ജില്ലയില്‍ ഒരു നാനോ കാര്‍ വീതമാണ് പദ്ധതിക്കു തുടക്കം കുറിച്ച് അനുവദിച്ചിരിക്കുന്നത്. വാഹനം അനുവദിച്ചിരിക്കുന്ന ക്ഷീര സഹകരണ സംഘത്തിന്റെ പരിധിയിലുള്ള കര്‍ഷകര്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ വാഹനത്തില്‍ വീട്ടിലെത്തി പശുവിനെ കറന്ന് നല്‍കും. വാഹനമെത്താത്ത ഇടമാണെങ്കില്‍ കര്ഷകന് പശുവിനെ വാഹനത്തിന് സമീപമെത്തിച്ചാല് മതി. സഹകരണ സംഘത്തിലെ ഡ്രൈവിങ് അറിയാവുന്ന വനിതകള്‍ക്കാണ് പദ്ധതിയില്‍ ജോലിക്ക് മുന്‍ഗണന നല്‍കുക.
സ്ത്രീകള്‍ ലഭ്യമല്ലെങ്കില്‍ ജോലിക്ക് പുരുഷന്മാരെയും പരിഗണിക്കും. ആലപ്പുഴ ജില്ലയില്‍ ഓണാട്ടുകര ക്ഷീരോത്പാദക സഹകരണ സംഘത്തിനാണ് തുടക്കമെന്ന നിലയില്‍ വാഹനവും കറവ യന്ത്രങ്ങളും അനുവദിച്ചിരിക്കുന്നത്. കറവക്കാരുടെ ലഭ്യത കുറവുമൂലം ക്ഷീരോത്പാദക മേഖലയില്‍ നിന്നും കര്‍ഷകര്‍ പലരും പിന്‍വലിയുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി മില്‍മ രംഗത്തെത്തിയിരിക്കുന്നതെന്ന്തിരുവനന്തപുരം സഹകരണ ക്ഷീരോത്പാദക യൂണിയന് ചെയര്മാന് കല്ലട രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: