കൊല്ലം: ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമായി വെടിക്കെട്ട് നടത്തുന്നതിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ ഭക്തജനപ്രതിഷേധം.
തട്ടാര്‍കോണം കല്ക്കുളത്ത് ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ കുംഭത്തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മണിക്കൂറുകള്‍ക്ക് മുമ്പ് കളക്ടര്‍ തടഞ്ഞത്. സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നതിനിടയില്‍ തീപ്പൊരി വീണ് പ്രദേശത്തെ പുല്ലിന് തീപടര്‍ന്നതിന്റെ കാരണം ചൂണ്ടിക്കാട്ടിയാണ് പതിറ്റാണ്ടുകളായി തുടരുന്ന അനുഷ്ഠാനത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. കളക്ടറുടെ നിഷേധാത്മക നിലപാടിനെതിരെ ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും ഭക്തജനങ്ങളും 29ന് കളക്ട്രേറ്റിനുമുന്നില്‍ അനിശ്ചിതകാല ഉപവാസമാരംഭിക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്യുമെന്ന് സമിതി പ്രസിഡന്റ് ടി.ജയപ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അറുപതേക്കറോളം വരുന്ന പാടശേഖരത്തിന് നടുവില്‍ ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമുണ്ടാകാത്ത വിധമാണ് ഭരണസമിതി വെടിക്കെട്ടിന് തയ്യാറെടുപ്പ് പൂര്‍ണമാക്കിയത്. 18ന് നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മണിക്കൂറുകള്‍ക്ക് മുമ്പ് കളക്ടര്‍ തടഞ്ഞത്. ഒരുമാസം മുമ്പ് തന്നെ വെടിക്കെട്ടിന് അനുമതി വാങ്ങിയിരുന്നതാണ്. ഇത് സംബന്ധിച്ച് സ്ഥലപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി ബന്ധപ്പെട്ട വകുപ്പുകള്‍ സംതൃപ്തി രേഖപ്പെടുത്തിയതുമാണ്. എന്നാല്‍ ഉത്സവദിവസം പാടശേഖരത്തുണ്ടായ അഗ്നിബാധയെത്തുടര്ന്നാണ് കളക്ടര്‍ വെടിക്കെട്ടിനുള്ള അനുമതി റദ്ദാക്കിയത്. സ്ഥലം പരിശോധിച്ച വില്ലേജോഫീസര്‍ വെടിക്കെട്ടിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും കളക്ടര്‍ തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എല്ലാ വര്‍ഷവും നടത്തിവരാറുള്ള വെടിക്കെട്ട് മുടങ്ങിയതില്‍ ഭക്തജനങ്ങളുടെ വികാരം അറിയിക്കുന്നതിനായി ഒപ്പുശേഖരണം നടത്തി നിവേദനവുമായി എത്തിയ ഭരണസമിതി അംഗങ്ങളോട് കളക്ടര്‍ നിഷേധാത്മകമായാണ് പെരുമാറിയതെന്ന് ജയപ്രസാദ് ചൂണ്ടിക്കാട്ടി. കളക്ടറുടെ നിരോധന ഉത്തരവ് കാര്യങ്ങള്‍ മനസ്സിലാക്കാതെ ഒരു വിശ്വാസസമൂഹത്തെ അപമാനിക്കുന്നതാണ്. വില്ലേജോഫീസറുടെ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെ ആരുടെയോ പ്രേരണക്ക് വഴങ്ങിയാണ് കളക്ടര്‍ ക്ഷേത്രത്തിലെ കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
നിരോധന ഉത്തരവ് പിന്‍വലിച്ച് ക്ഷേത്രത്തില്‍ നിശ്ചയിച്ച സ്ഥലത്ത് ചടങ്ങ് നടത്താനുള്ള അനുമതി നല്‍കണമെന്ന് ജയപ്രസാദ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഭരണസമിതി ഭാരവാഹികളായ സുദര്ശനബാബു, കൃഷ്ണകുമാര്‍, എസ്. മുരളീധരന്‍പിള്ള, ശ്രീഹര്ഷന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: