ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ കൻസാസ് സ്റ്റേറ്റിലെ ഫാക്ടറിയിലുണ്ടായ വെടിവയ്പ്പിൽ അക്രമിയടക്കം നാലു പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഫാക്ടറിയിലെ മുൻ ജീവനക്കാരനാണ് വെടിവയ്പ് നടത്തിയത്.
പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹാർവി കൗണ്ടിയിലെ എക്സൽ കമ്പനിയുടെ ഫാക്ടറിയിലാണ് വെടിവയ്പുണ്ടായത്. ചെറിയ വാഹനങ്ങളുണ്ടാക്കുന്ന കമ്പനിയാണിത്. കെഡ്റിക് ഫോര്‍ഡാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഈ കമ്പനിയിലെ പെയിന്റിങ് ജീവനക്കാരനായിരുന്നു. റൈഫിളുമായി നില്ക്കുന്ന ചിത്രം ഫോര്‍ഡ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫാക്ടറിയുടെ പാര്‍ക്കിങ് സ്ഥലത്തുവച്ച് ഒരു സ്ത്രീയെയാണ് അക്രമി ആദ്യം ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ഫാക്ടറിക്കുള്ളില്‍ ആക്രമണം അഴിച്ചുവിടുന്നതിനു മുന്‍പ് മറ്റു രണ്ടുപേരെയും ആക്രമിച്ചിരുന്നു. ഒരാള്‍ക്ക് ഷോള്ഡറിലും മറ്റൊരാള്‍ക്ക് കാലിലുമാണ് പരുക്കേറ്റിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഹാർവി കൗണ്ടിക്ക് സമീപത്തെ ന്യൂട്ടൺ, കാൻ എന്നിവിടങ്ങളിലും കാറിലിരുന്ന് അക്രമി വെടിയുതിർത്തതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണെന്നും അതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: