മിര്‍പൂര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇക്ക് ജയിക്കാന്‍ 129 റണ്‍സ് വേണം. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ യുഎഇ 15 ഓവറില്‍ ആറ് വിക്കറ്റിന് 77 റണ്‍സ് എന്ന നിലയിലാണ്. 35 റണ്‍സുമായി സ്വപ്‌നില്‍ പാട്ടീലും 7 റണ്‍സുമായി അംജദ് ജാവേദും ക്രീസില്‍.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. മികച്ച തുടക്കത്തിനുശേഷം മുന്‍നിരയും മധ്യനിരയും തകര്‍ന്നതോടെയാണ് ലങ്ക ചെറിയ സ്‌കോറില്‍ ഒതുങ്ങിയത്. 50 റണ്‍സെടുത്ത ദിനേശ് ചണ്ടിമലും 27 റണ്‍സെടുത്ത ദില്‍ഷനും മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത യുഎഇയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്ന രീതിയിലാണ് ലങ്കന്‍ ഓപ്പണര്‍മാരായ ദിനേശ് ചണ്ഡിമലും ദില്‍ഷനും ബാറ്റ് ചെയ്തത്. ഒന്നാം വിക്കറ്റില്‍ 9.1 ഓവറില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 28 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ദില്‍ഷെന അംജദ് ജാവേദിന്റെ ബൗളിങില്‍ മുഹമ്മദ് ഉസ്മാന്‍ പിടികൂടി. സ്‌കോര്‍ 69-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. ആറ് റണ്‍സെടുത്ത സിരിവര്‍ദ്ധനെയെ അംജദ് ജാവേദിന്റെ പന്തില്‍ സഖ്‌ലെയ്ന്‍ ഹൈദര്‍ കയ്യിലൊതുക്കുകയായിരുന്നു.
പിന്നീട് ലങ്കന്‍ ഇന്നിങ്‌സിന്റെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. രണ്ടിന് 79 എന്ന നിലയില്‍ നിന്ന് 50 റണ്‍സ് കൂടി എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ വലിച്ചെറിഞ്ഞത്. സ്‌കോര്‍ 89-ല്‍ എത്തിയപ്പോള്‍ 39 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്‌സറുമടക്കം 50 റണ്‍സെടുത്ത ചണ്ടിമലിനെയും അംജദ് ജാവേദ് മടക്കി. മുഹമ്മദ് ഷഹ്‌സാദ് പിടികൂടി. അഞ്ച് റണ്‍സെടുത്ത ദാസുന്‍ ഷനക, 8 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്, 10 റണ്‍സ് വീതമെടുത്ത ഷെഹാന്‍ ജയസൂര്യ, കപുഗേന്ദര, ഇന്നിങ്‌സിലെ അവസാന പന്തില്‍ കുലശേഖര എന്നിവര്‍ മടങ്ങിയതോടെ ലങ്കന്‍ ഇന്നിങ്‌സ് 129 റണ്‍സിലൊതുങ്ങി. യുഎഇക്ക് വേണ്ടി അംജദ് ജാവേദ് മൂന്നും മഹുമ്മദ് നവീദ്, മുഹമ്മദ് ഷഹ്‌സാദ് എന്നിവര്‍ രണ്ടുവിക്കറ്റുകളും വീഴ്‌ത്തി.
130 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിങ്ങിയ യുഎഇക്ക് ആദ്യ പന്തില്‍ തന്നെ തിരിച്ചടിയേറ്റു. മലിംഗയുടെ പന്തില്‍ റോഹന്‍ മുസ്തഫ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ ഓവറിലെ അവസാന പന്തില്‍ മലിംഗ വീണ്ടും ആഞ്ഞടിച്ചു. ഒരു റണ്‍സെടുത്ത മുഹമ്മദ് ഷെഹ്‌സാദിനെ ബൗള്‍ഡാക്കി. സ്‌കോര്‍ 14-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും യുഎഇക്ക് നഷ്ടം. 7 റണ്‍സെടുത്ത മുഹമ്മദ് കലീമിനെ കുലശേഖരയുടെ പന്തില്‍ ആഞ്ചലോ മാത്യൂസ് കയ്യിലൊതുക്കി.
രണ്ട് പന്തിന്റെ ഇടവേളയില്‍ കുലശേഖര തന്റെ രണ്ടാം വിക്കറ്റും വീഴ്‌ത്തി. ആറ് റണ്‍സെടുത്ത മുഹമ്മദ് ഉസ്മാന്‍ കപുഗേന്ദരക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ യുഎഇ നാലിന് 16 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പിന്നീട് അവര്‍ക്ക് കഴിഞ്ഞതുമില്ല. സ്‌കോര്‍ 38-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 15 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ഷെയ്‌മാന്‍ അന്‍വറിനെ ഹെറാത്തിന്റെ ബൗളിങില്‍ ചണ്ടിമല്‍ കയ്യിലൊതുക്കി. സ്‌കോര്‍ 47-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും യുഎഇക്ക് നഷ്ടം. ഒരു റണ്ണെടുത്ത സഖ്‌ലെയ്ന്‍ ഹൈദറിനെ ഹെറാത്ത് ചണ്ടിമലിന്റെ കൈകളിലെത്തിച്ചു.
















