പൂനെ: സൗരാഷ്‌ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ മുംബൈ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. സൗരാഷ്‌ട്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 235 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ മുംബൈ ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 262 റണ്‍സെടുത്തിട്ടുണ്ട്. 22 റണ്‍സുമായി സിദ്ധേഷ് ലാദും ഒന്‍പത് റണ്‍സുമാവയി ഇഖ്ബാല്‍ അബ്ദുള്ളയും ക്രീസില്‍.
രണ്ട് വിക്കറ്റ് കയ്യിലിരിക്കെ 27 റണ്‍സിന്റെ ലീഡാണ് മുംബൈക്കുള്ളത്.
ഇന്നലെ 192ന് എട്ട് എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച സൗരാഷ്‌ട്ര അവസാന രണ്ട് വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 55 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച പ്രേരക് മങ്കാദ് 66 റണ്‍സ് നേടി. ജയദേവ് ഉനദ്കത് 31 റണ്‍സും നേടിയതോടെയാണ് സൗരാഷ്‌ട്ര സ്‌കോര്‍ 235-ല്‍ എത്തിയത്. മുംബൈക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി അഞ്ചും ഷര്‍ദുള്‍ താക്കൂര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച മുംബൈക്ക് തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടെങ്കിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി നിലയുറപ്പിച്ച ശ്രേയസ് അയ്യരുടെ (117)യും 48 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെയും മികവിലാണ് മുംബൈ മേല്‍ക്കൈ നേടിയത്. രണ്ടിന് 23 എന്ന നിലയില്‍ തകര്‍ന്ന മുംബൈക്ക് വേണ്ടി മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 152 റണ്‍സ് അടിച്ചുകൂട്ടി. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ ആദിത്യ താരെ, അഭിഷേക് നായര്‍ എന്നിവര്‍ 19ഉം ധവാല്‍ കുല്‍ക്കര്‍ണി (1), ഷര്‍ദുള്‍ താക്കൂര്‍ (0) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. സൗരാഷ്‌ട്രക്ക് വേണ്ടി ഹാര്‍ദിക് റാത്തോഡ് മൂന്നും ജയദേവ് ഉനത്കത്, ചിരാഗ് ജാനി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
















