പാനൂര്‍: പി.ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രി അധികൃതരും. നെഞ്ചുവേദനയുണ്ടെന്ന് ആവര്‍ത്തിച്ചു കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റിയ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയും, കതിരൂര്‍ മനോജ് വധക്കേസിലെ 25-ാംപ്രതിയുമായ പി.ജയരാജനു ആരോഗ്യ പ്രശ്നമില്ലെന്ന്് ഇന്നലെ പരിശോധന നടത്തിയ ഹൃദ്രോഗ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് നിന്നും മെഡിക്കല്‍ ബോര്‍ഡ് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നെഞ്ചുവേദനയുണ്ടെന്ന് പി.ജയരാജന് ആവര്‍ത്തിച്ചതോടെ തിരുവനന്തപുരത്തെ ഹൃദയാലയത്തിലേക്ക് ഇയാളെ മാറ്റുകയായിരുന്നു. സിബിഐ ചോദ്യം ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ നിയമവിദഗ്ധരുമായി മുന്‍കൂട്ടി ആലോചിച്ച്് സിപിഎം നടത്തുന്ന ഗൂഡാലോചനയാണ് പി.ജയരാജന്റെ നെഞ്ചുവേദനയെന്ന് സിബിഐ പറയുന്നു. ഇതു കോടതിയില്‍ സിബിഐ അഭിഭാഷകന് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 29ന് കസ്റ്റഡി അപേക്ഷയിന്മേല് തലശേരി സെഷന്‍സ് കോടതി വിധിപറയാനിരിക്കെയാണ് ശ്രീചിത്രയില്‍ പി.ജയരാജനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചോദ്യം ചെയ്യാനാണ് പി.ജയരാജനെ ആവശ്യമെന്നും ചര്‍ച്ചയല്ലാ ഉദ്ദേശിക്കുന്നതെന്നുമുളള നിലപാടാണ് അന്വേഷണസംഘത്തിനുളളത്. അതിനാല്‍ തന്നെ കോടതി നിലപാട് പി.ജയരാജനും സിബിഐയ്ക്കും നിര്‍ണ്ണായകമാകും. കേസിന്റെ മുഖ്യസൂത്രധാരനാണ് പി.ജയരാജനെന്നാണ് സിബിഐ കണ്ടെത്തല്‍. വിശദമായി ചോദ്യം ചെയ്താല്‍ നിര്‍ണ്ണായകമായ പലവിവരങ്ങളും സിബിഐയ്ക്കു ലഭിക്കുമെന്ന ഭയമാണ് സിപിഎമ്മിനെ അലട്ടുന്നത്. വളരെ ആസൂത്രിതമായി കേസില്‍ പ്രതിയാകും മുന്‍പ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷ നല്കിയതും സിപിഎം അഭിഭാഷകരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് സിബിഐ മനസിലാക്കിയിട്ടുണ്ട്. ആസൂത്രണത്തില്‍ ഉള്‍പ്പെട്ട പാട്യം പഞ്ചായത്തിലെ രണ്ടു നേതാക്കളുടെ പങ്ക് പി.ജയരാജനെ ചോദ്യം ചെയ്താല്‍ വ്യക്തമാവുമെന്ന് അന്വേഷണസംഘം കരുതുന്നു. കൃത്യം നടത്തിയതിനു ശേഷം പ്രതികളെ സഹായിച്ചവരും പ്രതിപട്ടികയില്‍ ഇടംനേടുമെന്ന സൂചനയാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്നത്. കൊലപാതകത്തില്‍ സിപിഎം നടത്തിയ പങ്ക് പൂര്‍ണ്ണമായും പുറത്തെത്തിക്കാനാണ് സിബിഐ നീക്കം. ഇതാണ് നെഞ്ചുവേദനയുടെ അകംപൊരുളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: