സ്വന്തം ലേഖകന്‍
ഇടുക്കി: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ശബരിറെയില്‍ പാതയ്ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിലൂടെ ശാപമോക്ഷമായി. സംസ്ഥാന സര്‍ക്കാരും യുപിഎ സര്‍ക്കാരുകളും തകര്‍ക്കാന്‍ ശ്രമിച്ച പദ്ധതിയാണിത്. 20 കോടി രൂപയാണ് അങ്കമാലി-ശബരി റെയില്‍പ്പാതയ്ക്ക് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് ശബരിപ്പാതയ്ക്ക് തുക അനുവദിച്ചത്. ശബരിപ്പാതയ്ക്ക് 40 കോടിയുടെ അംഗീകാരമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കേരളത്തിന് ലഭിച്ച ഏറ്റവും വലിയ ബജറ്റ്വിഹിതം ശബരിപ്പാതയ്ക്ക് നല്‍കിയതില്‍ കേന്ദ്ര റയില്‍വേ മന്ത്രിയെ ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍ അഭിനന്ദിച്ചു. 20 കോടിരൂപ ബജറ്റ്വിഹിതവും 20 കോടിരൂപ ബജറ്റേതര പങ്കാളിത്ത വിഹിതവുമായാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 5 കോടിരൂപ വകയിരുത്തിയിരുന്നു. പിന്നീട് 18 കോടിരൂപയായി വര്‍ദ്ധിപ്പിക്കുകയുംചെയ്തിരുന്നു. ഇപ്പോള്‍ ലഭ്യമാകുന്ന 40 കോടിയോടൊപ്പം റീ ബജറ്റ് അലോക്കേഷന്കൂടി ലഭിക്കുന്നതോടെ ഏകദേശം 120 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷംതന്നെ നടത്താന്‍കഴിയും. വര്‍ഷങ്ങളായി ശബരി റെയില്‍ പദ്ധതി നിശ്ചലാവസ്ഥയിലായിരുന്നു. കഴിഞ്ഞ യുപിഎ ഭരണകാലത്താണ് ഈ പദ്ധതി അട്ടിമറിക്കപ്പെട്ടത്. അഞ്ച് ജില്ലകളുടെ സമഗ്ര വികസനത്തിന് നാന്ദിയാകുന്ന പദ്ധതി കോടിക്കണക്കായ ശബരിമലതീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നതുമാണ്. ബിജെപി സര്‍ക്കാര്‍ ശബരി റെയില്‍ നടപ്പാക്കാന്‍ പണം അനുവദിച്ചതിന്റെ പിതൃത്വം ഏറ്റെടുത്ത് ഇടുക്കി എം.പി ജോയിസ് ജോര്‍ജ് രംഗത്ത് വന്നത് മാനക്കേടായി. കരിങ്കുന്നത്തുനിന്നും അങ്കമാലിക്ക് ജോയിസ് ജോര്‍ജ് ജാഥ നയിച്ചതിനാലാണ് ശബരി റെയിലിന് ബിജെപി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതെന്നാണ് എം.പിയുടെ ബാലിശമായ വാദം. റെയില്‍വെ ബജറ്റിനെ എം.പി വാനോളം പുകഴ്ത്തിയിരിക്കുകയാണ്. ഈ നടപടി സിപിഎമ്മുകാരെ പ്രകോപിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: