കൊച്ചി: കത്തോലിക്കാ സഭാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ സിസ്റ്റര്‍ അഭയ കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി നേരിട്ട് ഇടപെട്ടതായി മുന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്. അഭയ കൊല്ലപ്പെട്ട സ്ഥലത്ത് ലോക്കല്‍ ഇന്സ്പെക്ഷന് നടത്തണമെന്ന് ഉത്തരവിട്ട റിട്ടയേര്‍ഡ് ജഡ്ജി വി.ടി. രഘുനാഥാണ് ഏറെ വിവാദമായ അഭയ കൊലക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
അഭയ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി വി.ടി. രഘുനാഥാണ് പരിഗണിച്ചത്. തന്റെ മുന്നിലെത്തിയ അഭയ കേസ് ഫയലില്‍ പരിശോധന നടത്തിയതായി കണ്ടിരുന്നില്ലെന്ന് അദ്ദേഹം എറണാകുളത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് സിആര്‍പിസി 310ാം വകുപ്പ് അനുസരിച്ച് ലോക്കല്‍ ഇന്സ്പെക്ഷന് നടത്താന്‍ താന്‍ ഉത്തരവിട്ടത്.
അഭയയുടെ മുറി, മൃതദേഹം കണ്ടെത്തിയ കിണര്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ മജിസ്ട്രേറ്റ് നേരിട്ട് പരിശോധന നടത്തണമെന്നതായിരുന്നു ഉത്തരവ്. എന്നാല്‍ പിറ്റേന്ന് താന്‍ കോടതിയിലെത്തും മുന്‍പ് ഹൈക്കോടതിയില്‍ നിന്ന് നിരന്തരം വിളികള്‍ വന്നിരുന്നു. കോടതിയിലെത്തിയപ്പോള്‍ തന്നെ ഹൈക്കോടതി രജിസ്ട്രാര്‍ ആയിരുന്ന എ.വി. രാമകൃഷ്ണപിള്ള നേരിട്ട് വിളിക്കുകയും അഭയ കേസിലെ സ്ഥല പരിശോധന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സിജെഎം ആയ തന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും റദ്ദാക്കാന്‍ ആവില്ലെന്നും പറഞ്ഞപ്പോള്‍ ഒരു ഹൈക്കോടതി ജഡ്ജിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നായിരുന്നു
രജിസ്ട്രാറുടെ മറുപടി. എങ്കില്‍ രേഖാമൂലം ഉത്തരവ് വേണമെന്ന് താന്‍ ആവശ്യപ്പെട്ടു. തീരുമാനത്തില്‍ ഉറച്ച് നില്ക്കുകയാണോ എന്ന ഭീഷണിയാണ് തുടര്‍ന്ന് രജിസ്ട്രാറുടെ ഭാഗത്ത് നിന്നുണ്ടായത്. അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതിയില്‍ നിന്നും സ്പെഷ്യല്‍ മെസഞ്ചര്‍ എത്തി അഭയ കേസ് ഫയല്‍ എടുത്തുകൊണ്ട് പോയതായും രഘുനാഥ് വെളിപ്പെടുത്തുന്നു.
മൂന്നാം ദിവസം സിജെഎം ആയിരുന്ന തന്നെ സ്ഥലം മാറ്റി. സ്ഥല പരിശോധന വേണമെന്ന സിജെഎം കോടതിയുടെ ഉത്തരവ് പിന്നീട് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുകയും ജസ്റ്റിസ് പദ്മനാഭന് നായര്‍ ആ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു.
സിജെഎം കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുന്നത് വരെയുള്ള മൂന്ന് മാസ കാലയളവില്‍ സ്ഥലം മാറ്റപ്പെട്ട തനിക്ക് പകരം പുതിയ സിജെഎമ്മിനെ നിയമിച്ചിരുന്നില്ലെന്നും രഘുനാഥ് ചൂണ്ടിക്കാട്ടുന്നു. കേസില്‍ ഇടപെട്ട ഹൈക്കോടതി രജിസ്ട്രാര്‍ ആയിരുന്ന രാമകൃഷ്ണപിള്ള പിന്നീട് ഹൈക്കോടതി ജഡ്ജി ആയി. കേസ് കോടതിയെലെത്തുമ്പോഴേക്കും പല തെളിവുകളും നശിപ്പിക്കപ്പെട്ടിരുന്നുവെന്നും രഘുനാഥ് വ്യക്തമാക്കുന്നു. അഭയ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍, ജുഡീഷ്യല്‍ തലത്തില്‍ ഇടപെടല്‍ നടന്നതിന്റെ വ്യക്തമായ തെളിവാണ് രഘുനാഥിന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: