ഗൃഹസ്ഥന് സത്യം പറയണം. ജനങ്ങള്‍ക്കു പ്രിയങ്കരവും ഗുണ കരവുമായ വാക്കുകള്‍ ഉപയോഗിച്ച് സൗമ്യമായി സംസാരിക്കണം. അന്യന്മാരുടെ വ്യാപാരങ്ങളെക്കുറിച്ചു സംസാരിക്കയുമരുത്. കുളങ്ങള്‍ കുഴിപ്പിക്കുക, ചോലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, മനുഷ്യരുടേയും മൃഗങ്ങളുടെയും ഉപയോഗത്തിനു വിശ്രമമന്ദിരങ്ങള്‍ സ്ഥാപിക്കുക, വഴികള്‍ വെട്ടിക്കുക, പാലങ്ങള്‍ നിര്‍മ്മിക്കുക ഇവ ചെയ്യുന്ന ഗൃഹസ്ഥന് പരമയോഗികളുടെ പദത്തിലേയ്ക്കുതന്നെ പ്രയാണം ചെയ്യുന്നു.
ഗൃഹസ്ഥധര്‍മ്മമായ ഈ കര്‍മ്മനിരതത്വം കര്‍മ്മയോഗസിദ്ധാന്തത്തിന്റെ ഒരു ഭാഗമാകുന്നു. ‘ഗൃഹസ്ഥന് തന്റെ രാജ്യത്തിനോ മതത്തിനോ വേണ്ടിയുള്ള യുദ്ധത്തില്‍ മരിക്കുന്നുവെങ്കില്‍, അയാള്‍ ധ്യാനംകൊണ്ടു യോഗികള്‍ പ്രാപിക്കുന്ന പദംതന്നെ പ്രാപിക്കുന്നു, എന്നു പ്രസ്താവിക്കുന്ന ഒരു വാക്യം പിന്നീടു വരുന്നുണ്ട്. ഒരുവനു കര്ത്തവ്യമായിട്ടുള്ളതല്ല മറ്റൊരുവന്നു കര്‍ത്തവ്യം എന്നാണ് ഇതു കാണിക്കുന്നത്.
അതേ സമയം, ഈ കര്‍ത്തവ്യം മനുഷ്യനെ താഴ്ത്തുന്നതാണെന്നോ ആ കര്‍ത്തവ്യം ഉയര്ത്തുന്നതാണെന്നോ ഒരിടത്തും പറയുന്നുമില്ല. ഓരോ കര്‍ത്തവ്യത്തിനും അതതിന്റെ സ്ഥാനമുണ്ട്. നാം ഏതു പരിതഃസ്ഥിതികളില്‍ വര്‍ത്തിക്കുന്നുവോ അതനുസരിച്ചുള്ള കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കേണ്ടതാകുന്നു.
ഒരാശയം ഇതില്‍നിന്നെല്ലാം പൊന്തിവരുന്നുണ്ട് – അതായത്, സര്‍വ്വദൗര്‍ബ്ബല്യങ്ങളും ദോഷകരമാണെന്നുള്ളത്. ഞങ്ങളുടെ (ഭാരതീയരുടെ) തത്ത്വജ്ഞാനം, ഉപാസനം, കര്‍മ്മം എന്നിവയിലെല്ലാമുള്ള, എനിക്കു വളരെ ഇഷ്ടപ്പെട്ട, ഒരു വിശിഷ്ടാശയമാണിത്. വേദങ്ങള്‍ വായിച്ചുനോക്കിയാല്‍ ‘അഭയം’ – ഒന്നിനേയും ഭയപ്പെടരുത് – എന്ന ഒരു വാക്ക് എപ്പോഴും ആവര്‍ത്തിച്ചുവരുന്നതായി കാണാം. ഭയം ദൗര്‍ബ്ബല്യത്തിന്റെ ലക്ഷണമാണ്. ലോകത്തിന്റെ പരിഹാസമോ അവജ്ഞയോ വകവെയ്ക്കാതെ ഒരുവന് തന്റെ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: