ആലപ്പുഴ: റെയില്‍വേ ബജറ്റില്‍ ജില്ലയ്‌ക്ക് മികച്ച പരിഗണന. തീരദേശ ജില്ലയായ ആലപ്പുഴയുടെ വികസനത്തിന് വഴി തെളിക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍. തീരദേശപാത ഇരട്ടിപ്പിക്കുന്നതിന് തുക വകയിരുത്തിയത് എടുത്തുപറയത്തക്ക നേട്ടമാണ്.
213 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. അമ്പലപ്പുഴ-തുറവൂര്‍ പാത ഇരട്ടിപ്പിക്കലിന് 100 കോടിയും തുറവൂര്‍-കുമ്പളം സ്‌ട്രെച്ചില്‍ 35 കോടിയും അമ്പലപ്പുഴ-ഹരിപ്പാട് 78 കോടിയും പാത ഇരട്ടിപ്പിക്കലിനായി നീക്കിവെച്ചിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രമായ ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന സ്‌റ്റേഷന്‍ എന്ന നിലക്ക് ചെങ്ങന്നൂരിലേക്ക് കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകളും അലോട്ട് ചെയ്യുമെന്ന് പ്രഖ്യാപനമുണ്ട്. ഓരോ തീര്‍ഥാടന സീസണിലും റെയില്‍വേ സ്‌റ്റേഷനില്‍ വന്നുപോകുന്ന ഭക്തലക്ഷങ്ങള്‍ക്ക് ഇത് ആശ്വാസം പകരും. രാജ്യത്തെ മറ്റ് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളുമായി ചെങ്ങന്നൂരിനെ ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനം വഴി കൂടുതല്‍ തീവണ്ടികള്‍ ഇവിടേക്ക് സര്‍വീസ് ആരംഭിക്കും. തീരദേശപാതയിലെ 14 റെയില്‍ ക്രോസിംഗുകളില്‍ അണ്ടര്‍പാസുകളും സബ്‌വേകളും നിര്‍മിക്കും. ആളില്ലാത്ത റെയില്‍ ക്രോസുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. നാല് കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍-തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ബഡ്ജറ്റില്‍ 372 കോടി തീരദേശ പാതയുടെ ഇരട്ടിപ്പിക്കലിനായി നീക്കിവച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിച്ചില്ല. സ്ഥലമെടുപ്പ് വൈകുന്നതാണ് പ്രധാന കാരണം. അനുവദിക്കുന്ന പണം പോലും ചെലവഴിക്കാതെയാണ് കുടുതല്‍ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും മുറവിളി കൂട്ടുന്നതെന്നതാണ് വിരോധാഭാസം.
















