കൊല്ലം: എല്ലാ മേഖലകളെയും വികസനത്തിലേക്ക് നയിച്ചുകൊണ്ട് കൊല്ലം നഗരത്തെ സ്മാര്‍ട് സിറ്റിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കോര്‍പ്പറേഷന്റെ ബജറ്റ്. അഡ്വ.വി.രാജേന്ദ്രബാബു മേയറായ കൗണ്‍സിലിന്റെ ആദ്യ ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അവതരിപ്പിച്ചത്. 1132782824 മുന്‍ ബാക്കിയും 7764643539 രൂപ വരവും 8300041541 രൂപ ചിലവും 597384822 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ബജറ്റിന്മേലുള്ള ചര്‍ച്ച നാളെ രാവിലെ 11 മുതല്‍ കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ നടക്കും.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പ്പറേഷനിലെ വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഒരുക്കാനായി 100 കോടി രൂപയാണ് പകയിരുത്തിയത്. സ്വച്ഛ്ഭാരത് മിഷന് പദ്ധതിപ്രകാരം എല്ലാ വീടുകളിലും ശൗചാലയം നിര്‍മിക്കുന്നതിനായി അഞ്ച് കോടി രൂപയും ആശ്രയ ഭവനപദ്ധതിക്കായി ഒരുകോടി രൂപയും ബജറ്റില്‍ വകയിരുത്തി. 40 ശതമാനം വരുന്ന നഗരജനതയുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നടപ്പാക്കിയ മുന്‍കാല പദ്ധതികള്‍ വേണ്ടത്ര വിജയം കണ്ടില്ലെന്ന് ആത്മവിമര്‍ശനം നടത്തിയശേഷം ഇതിലേക്ക് 1.20 കോടി രൂപയും വകയിരുത്തി. കുടുംബശ്രീ മുഖേന സ്വയംതൊഴില്‍ സംരംഭങ്ങള്‍ നടപ്പാക്കാനും മോണിട്ടറിംഗിലൂടെ ഇതിനെ വിജയിപ്പിക്കാനും ഉദ്ദേശിക്കുന്നതായി ബജറ്റില്‍ പരാമര്‍ശിക്കുന്നു. അടുക്കള പച്ചക്കറിത്തോട്ടത്തിനായി 25 ലക്ഷം രൂപയും വിത്തും വളവും വിതരണത്തിനായി 15 ലക്ഷവും വകയിരുത്തി. ഒഎന്‍വിയുടെ സ്മരണക്കായി സാംസ്കാരികസമുച്ചയവും ആര്‍ട്ട് ഗ്യാലറിയും നിര്‍മിക്കാന്‍ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. തൃക്കടവൂര്‍ ആണിക്കുളത്ത്ചിറയില് ക്രിക്കറ്റ് സ്റ്റേഡിയ നിര്‍മാണത്തിനായി അര കോടിയും മുനിസിപ്പല്‍ കോളനിയില്‍ ഫുട്ബോള്‍ കോര്‍ട്ട് നിര്‍മാണത്തിനായി 25 ലക്ഷവും പോര്‍ട്ടിന് സമീപം മിനി സ്റ്റേഡിയത്തിനായി 35 ലക്ഷം രൂപയും വകയിരുത്തി. തിരുമുല്ലവാരം, കൊല്ലം ബീച്ച് എന്നിവിടങ്ങളില്‍ വാട്ടര്‍ സ്പോര്‍ട്സിനായി പത്ത് ലക്ഷം രൂപയും നീക്കിവച്ചു. കോര്പ്പറേഷന് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക വിശ്രമസ്ഥലവും ഫീഡിംഗ് സെന്ററും സ്ഥാപിക്കാന്‍ 25 ലക്ഷം വകയിരുത്തി. വിവിധ സെക്ഷനുകളിലെ പ്രവര്‍ത്തനങ്ങളും സേവനവിവരങ്ങളും അറിയാന്‍ ഡിജിറ്റര്‍ ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കാന്‍ 10 ലക്ഷവും സോണല്‍ ഓഫീസുകളില്‍ കാമറകള്‍ സ്ഥാപിക്കാന്‍ 15 ലക്ഷവും പ്രിമിസസ് മാപ്പിംഗ് നടത്തുന്നതിനായി 1.50 കോടി രൂപയും വകയിരുത്തി.
നഗരസഭയുടെ തനതുവരുമാനം വര്‍ധിപ്പിക്കാനായി കൂടുതല്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് കോംപ്ലക്സുകളും നിര്‍മിക്കും. അഞ്ചാലുംമൂടില്‍ അഞ്ച് കോടിയും മുണ്ടാലുംമൂട് രണ്ടു കോടിയും ചിലവാക്കിയാകും നിര്‍മാണം. മൂന്ന് കോടി ചിലവിട്ട് കപ്പലണ്ടിമുക്കില്‍ ഷോപ്പിംഗ് കോംപ്ലക്സും ഫഌറ്റും നിര്‍മിക്കും. പട്ടികജാതികോളനികളുടെ അടിസ്ഥാനവികസനത്തിനായി രണ്ട് കോടി രൂപ വകയിരുത്തി. അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങാനായി ഒരു കോടിയും പുതിയ അംഗന്‍വാടി നിര്മാണതതിനായി അമ്പതുലക്ഷവും പുനരുദ്ധാരണത്തിനായി അമ്പത് ലക്ഷവും വകയിരുത്തി. എട്ടുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന നിര്‍ധനകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കാനായി അഞ്ച് ലക്ഷം രൂപ വകയിരുത്തി. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൈതാങ്ങായി നഗരത്തില്‍ വ്യവസായപാര്‍ക്ക് തുടങ്ങാന്‍ ഒരു കോടി രൂപ വകയിരുത്തി. തെന്മലയില് നിന്നും വെള്ളം വസൂരിച്ചിറയിലെത്തിച്ച് ശുദ്ധീകരിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപയും വകയിരുത്തി. തെരുവ് വിളക്ക് പരിപാലനത്തിനായി നഗരജ്യോതി പദ്ധതി കൊണ്ടുവരും. എല്ലാ ഡിവിഷനിലും പ്രധാന കേന്ദ്രങ്ങളില്‍ എല്‍ഇഡി മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനായി ഒരു കോടി രൂപയും പുതിയ സ്ട്രീറ്റ് ലൈന്‍ വലിക്കുന്നതിനായി 60 ലക്ഷം രൂപയും വകയിരുത്തി. കോര്പ്പറേഷന് പരിധിയിലെ മുഴുവന്‍ സ്കൂളുകളും മാതൃകാ സ്കൂളുകളായി ഉയര്‍ത്താനായി ഒരു കോടി രൂപയും സ്കൂളുകളില്‍ എസ്എംഎസ് സംവിധാനം നടപ്പാക്കാനായി 15 ലക്ഷം രൂപയും സ്കൂളുകളില്‍ പ്രഭാതഭക്ഷണവിതരണത്തിനായി 15 ലക്ഷം രൂപയും ബഡ്സ് സ്കൂള്‍ നിര്മാണതതിനായി ഒരു കോടി രൂപയും വകയിരുത്തി.
പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാനാകാത്ത കുരീപ്പുഴ മാലിന്യസംസ്കാരണപ്ലാന്റ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് നിര്‍മാണത്തിനായി മൂന്നു കോടിയും ആധുനിക മാലിന്യസംസ്കരണ പ്ലാന്റിനും പ്ലാസ്റ്റിക് സംസ്കരണപ്ലാന്റിനുമായി രണ്ട് കോടിയും പോര്‍ട്ടിന് സമീപം ഖരമാലിന്യ സംസ്കരണപ്ലാന്റ് നിര്‍മിക്കാന്‍ 35 ലക്ഷം രൂപയും വകയിരുത്തി.
ചേരി വികസന ഭാഗമായുള്ള റേ പദ്ധതിയില്‍ പെടുത്തി എസ്എംപി കോളനി നവീകരണത്തിനായി 28.16 കോടിയില്‍ കോര്പ്പറേഷന് വിഹിതമായ 13 കോടി രൂപ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: