പാലക്കാട്: പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ്- ലീഗ് സഖ്യം നടത്തിയ അക്രമത്തില്‍ ബിജെപി കൗണ്‍സിലര്‍ക്ക് പരിക്ക്. ഇന്നലെ ബജറ്റ് അവതരണ വേളയിലായിരുന്നു യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ അഴിഞ്ഞാടിയത്. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ നടത്തിയ കയ്യാങ്കളിയില്‍ പരിക്കേറ്റ കൗണ്‍സിലര്‍ മധുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബജറ്റ് അവതരണം തുടങ്ങും മുമ്പുതന്നെ നഗരത്തിലെ മാലിന്യ പ്രശ്നം ഉന്നയിച്ച് ഭവദാസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ചു.
മാലിന്യം നീക്കം പരിഹരിക്കപ്പെട്ടുവെന്നും വ്യാഴാഴ്ച മുതല്‍ മാലിന്യ ശേഖരണം തുടങ്ങുമെന്നും ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് വിശദീകരിച്ചെങ്കിലും മുദ്രാവാക്യം വിളി അവസാനിപ്പിച്ചില്ല. തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തു. വീണ്ടും 12.15 ഓടെ കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ ബജറ്റ് വിശദീകരണ കുറിപ്പിന്റെ പുറംചട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെച്ചത് ചട്ടലംഘനമാണെന്നും ബജറ്റ് അവതരണം അനുവദിക്കില്ലെന്നും കുമാരിയുടെ നേതൃത്വത്തില്‍ സിപിഎം കൗണ്‍സിലര്‍ പറഞ്ഞു. ഈ വിഷയത്തില്‍ യുഡി എഫ് അംഗങ്ങളും സിപിഎമ്മിനൊപ്പം ചേര്‍ന്നു.
വിഷയം ചര്‍ച്ചചെയ്യാമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞെങ്കിലും എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ ബജറ്റ് രേഖ വലിച്ചുകീറുകയും മോദിയുടെ ചിത്രം നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പ്രശ്നം ഒഴിവാക്കാന്‍ ചെയര്േപഴ്സനും ഡപ്യൂട്ടി ചെയര്േപഴ്സനും കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ബഹളത്തിനിടെ ഡപ്യൂട്ടി ചെയര്മാന് സി.കൃഷ്ണകുമാര്‍ ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി. ഇത് തടസപ്പെടുത്താനുള്ള ശ്രമം ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. അതിനിടിയിലായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ കയ്യേറ്റം. മധുവിന്റെ ഷര്‍ട്ട് കീറി. വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെയും വാക്കേറ്റമുണ്ടായെങ്കിലും ബിജെപി കൗണ്‍സിലര്‍മാര്‍ സംരക്ഷണ വലയം തീര്‍ത്തു. ഇതിനിടയില്‍ ബജറ്റവതരണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ യോഗം പിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: