പാര്‍ലമെന്റില്‍ നടക്കേണ്ടത് ചര്‍ച്ചകളും സംവാദങ്ങളുമാണ്. ബഹളവും തടസ്സപ്പെടുത്തലുമല്ല എന്നു പ്രഖ്യാപിച്ചുകൊണ്ടു തുടങ്ങിയ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഭാരതം സാമ്പത്തിക സുസ്ഥിരത നേടിയെന്നും 2022 ഓടെ സകലര്‍ക്കും വീട് ലഭ്യമാക്കുമെന്നും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും വ്യക്തമാക്കിയത് ഭാരതത്തിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചുവെന്നു പറയാം. രാജ്യത്തിന്റെ ഭാവി കര്‍ഷക-യുവ ഭാരതമാണല്ലൊ.
24600 കോടി ചെലവഴിച്ച് നാലുലക്ഷത്തി ഇരുപത്തയ്യായിരം വീടുകള്‍ നിര്‍മിച്ചു കഴിഞ്ഞു. സാധാരണ രാഷ്ട്രീയക്കാരുടെ വെറുംവാക്കല്ല ഇത്. പറയുന്ന ഓരോ കാര്യത്തിനും തെളിവുണ്ട്. യുവഭാരതത്തിനുവേണ്ടിയാണ് നരേന്ദ്ര മോദി മേയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്, മുദ്ര, സ്കില്‍ ഇന്ത്യ എന്നീ പദ്ധതികള്‍ വിപുലപ്പെടുത്താനുദ്ദേശിക്കുന്നത്. ഭാരതത്തിന്റെ ശാപമായ അഴിമതി തടയാനുള്ള നിയമം കര്‍ശനമാക്കുമെന്നും വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കിയെന്നുള്ള രാഷ്ട്രപതിയുടെ പ്രഖ്യാപനം അഭിമാനത്തോടെയാണ് ജനങ്ങള്‍ ശ്രവിച്ചത്. തൊഴിലില്ലായ്മ ഭാരതം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. സ്റ്റാര്‍ട്ട്-അപ് പദ്ധതിയിലൂടെ 3.78 കോടി പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. കര്‍ഷകരാണ് ഭാരതത്തിന്റെ നട്ടെല്ല്. അവരുടെ ക്ഷേമം ഉറപ്പാക്കിയാല്‍ ഭാരതം പുരോഗമന യുഗത്തിലേക്ക് പ്രവേശിക്കും. ഇതു മനസ്സിലാക്കിയാണ് രണ്ടാം ഹരിതവിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നത്. ബിജെപി ഭരണം അവസാനിക്കുന്നതിനുമുമ്പ് 14 കോടി കര്‍ഷകര്‍ക്ക് മണ്ണിന്റെ ആരോഗ്യ കാര്‍ഡും വിതരണം ചെയ്യും. എന്നുമാത്രമല്ല ജൈവകൃഷി വികസനത്തിന് കൃഷി വികാസ് പദ്ധതി കാര്യക്ഷമമാക്കുകയും ചെയ്യും.
ഇത് സാധാരണ ബജറ്റ് പ്രഖ്യാപനം പോലെ വെറുംവാക്കല്ല എന്നു തെളിയിക്കുന്നതാണ് ഈ സാമ്പത്തിക വര്‍ഷം കാര്ഷികോല്പ്പാദനത്തില് 17 ലക്ഷം മെട്രിക് ടണ്‍ ലക്ഷ്യമിടുന്നത്. എല്ലാ ഗ്രാമങ്ങളിലും 2018 ഓടെ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതി ഭാരതത്തെ അന്ധകാരയുഗത്തില്‍ നിന്നും മോചിപ്പിക്കും. മുദ്ര യോജന വഴി 2.60 കോടി പേര്‍ക്ക് തൊഴില്‍ വ്യവസായ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ഒരുലക്ഷം കോടി രൂപ നല്‍കിക്കഴിഞ്ഞു. രാജ്യത്ത് തൊഴില്‍ ലഭ്യത ഇല്ലാത്തതിനാലാണ് പലര്‍ക്കും വിദേശ രാജ്യങ്ങളില്‍ പോയി കഠിനാധ്വാനം ചെയ്യേണ്ടിവരുന്നത്. അടിസ്ഥാന വികസനം സര്‍ക്കാരുകള്‍ അവഗണിക്കാറാണ് പതിവ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ റോഡ് നിര്‍മാണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. 2019 മാര്‍ച്ചോടെ 1,78,000 ഗ്രാമങ്ങളിലും റോഡുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. നിര്‍മാണം നിലച്ചുപോയ 73 റോഡ് പദ്ധതികള്‍ പുനരാരംഭിച്ചുകഴിഞ്ഞു. ഒന്നര വര്‍ഷംകൊണ്ട് 7200 കിലോമീറ്റര്‍ ഹൈവേയും നിര്‍മിച്ചുകഴിഞ്ഞു. ദേശീയപാത നിര്‍മാണത്തിന് നീക്കിവച്ചിരിക്കുന്നത് രണ്ടുലക്ഷത്തി അറുപത്തയ്യായിരം കോടി രൂപയാണ്. സംസ്ഥാനങ്ങള്‍ തമ്മില്‍ റോഡ്, റെയില്‍ ബന്ധമുണ്ടെങ്കില്‍ അത് കൂടുതല്‍ ജനക്ഷേമകരമാകും.
കര്‍ഷക ഭാരതം യാഥാര്‍ത്ഥ്യമാകാന്‍ കൃഷിയിടങ്ങളില്‍ ഊര്‍ജ്ജലഭ്യത ഉറപ്പാക്കും. മത്സ്യബന്ധന മേഖല എന്നും ദാരിദ്ര്യത്തിന്റെ അടയാളമാണ്. ഇപ്പോള്‍ മത്സ്യകൃഷി വികസനത്തിനുള്ള നീലവിപ്ലവത്തിന് 1000 കോടി രൂപയുടെ സഹായമാണ് കേന്ദ്രം വാഗ്ദാനം ചെയ്തിരിക്കുന്നത്. നരേന്ദ്രമോദി ഭരണത്തില്‍ കേറിയശേഷം ഏറ്റവും ഊന്നല്‍ നല്കിയ പദ്ധതിയാണ് സ്വച്ഛ് ഭാരത്. സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ 4,17,000 ത്തിലധികം ശൗചാലയങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു. ഇത് കൂടുതല്‍ വ്യാപകമാവുകയാണ്. മോദി സര്‍ക്കാര്‍ വര്‍ഗീയ സര്‍ക്കാരാണെന്ന വാദം പൊളിക്കുന്നതാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച ‘നയി മന്‍സില്‍’ പദ്ധതിയ്ക്ക് കീഴില്‍ 20,000 മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നേടാനുള്ള സൗകര്യമൊരുക്കുന്നത്. ഇത് ഐടി യുഗമാണ്. അതുകൊണ്ട് പുതിയ രണ്ട് ഐഐടികളും ആറ് ഐഐഎമ്മുകളും ഒരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്ററും ഒരു എന്‍ഐടിയും പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. ദിവ്യാംഗര്‍ക്കുവേണ്ടി സുഗമ്യ ഭാരത് അഭിയാന് നടപ്പാക്കി. 1.7 ലക്ഷത്തിലധികം പേര്‍ക്ക് സഹായക ഉപകരണങ്ങള്‍ ലഭ്യമാക്കിയത് തന്നെ കയ്യടി നേടാനല്ല, ജനക്ഷേമം തന്നെയാണ് ലക്ഷ്യമെന്ന് തെളിയിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഊര്‍ജകമ്മി നാലുശതമാനത്തില്‍ നിന്ന് 2.3 ശതമാനമായി കുറച്ചു. 1,55,000 പോസ്റ്റോഫീസുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കപ്പെട്ടു. മറ്റൊരു പ്രധാന വസ്തുത ഭാവിയില്‍ എല്ലാ സൈനിക വിഭാഗങ്ങളിലെയും ആക്രമണനിരയില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്നുള്ളതാണ്. സ്ത്രീകള്‍ ഇനിമേല്‍ അവഗണിക്കപ്പെടില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ വ്യത്യാസമില്ലാത്ത ഭരണമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത് എന്നതിന്റെ തെളിവാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. രാജ്യത്ത് അച്ഛേ ദിന് വന്നു എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ ഈ നയപ്രഖ്യാപനം ഒരാവര്‍ത്തി വായിക്കുകയൊ കേള്ക്കുകയൊ ചെയ്താല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: