ചേര്‍ത്തല: സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയന്റെ ഗുണ്ടായിസം, ഓട്ടോത്തൊഴിലാളിയുടെ ജീവിതം ദുരിതപൂര്‍ണം. കുത്തിയതോട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സജി ഭവനില്‍ സജിയുടെ ഓട്ടോറിക്ഷയ്‌ക്കാണ് യൂണിയന്റെ പേരില്‍ ഒരു വിഭാഗം വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ബിഎംഎസ് അംഗമായ സജിയെ സിഐടിയു, എഐടിയുസി യൂണിയനുകളില്‍പെട്ടവരാണ് വിലക്കേര്‍പ്പെടുത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് തുറവൂര്‍ ഓട്ടോസ്റ്റാന്‍ഡില്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷ ഇവിടെ ഓടിക്കുന്നതിന് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തടസം സൃഷ്ടിക്കുകയാണ്. നിര്‍ധന കുടുംബത്തിന്റെ അത്താണിയായ സജി ഓട്ടോഓടിച്ചാണ് ജീവിതമാര്‍ഗം കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി വാഹനമോടിക്കാന്‍ കഴിയാത്തതിനാല്‍ വായ്‌പ തിരിച്ചടക്കുന്നതിനോ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിനോ കഴിയാതെ വലയുകയാണ് ഈ യുവാവ്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പലതവണ പ്രശനം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സജിയുടെ ഓട്ടോയില്‍ കയറിയ യാത്രക്കാരെ പിടിച്ചിറക്കിയ സംഭവം പോലും ഉണ്ടായി. പോലീസ് നോക്കിനില്‍ക്കെയാണ് യൂണിയന്റെ പേരില്‍ ഒരു വിഭാഗം ഗുണ്ടായിസം കാട്ടിയത.് യുവാവിന്റെ ഉപജീവനമാര്‍ഗം തടസപ്പെടുത്തുന്ന രാഷ്‌ട്രീയ കക്ഷികളുടെ നീക്കം അവസാനിപ്പിക്കണമെന്ന് ബിജെപി തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒന്നരലക്ഷം രൂപയോളം ബാങ്ക് വായ്‌പയെടുത്താണ് ഇയാള്‍ ഓട്ടോറിക്ഷ വാങ്ങിയത്. സമാനതരത്തില്‍ തുറവൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ഭീഷണിപ്പെടുത്തി വിട്ട മുപ്പതോളം ഓട്ടോകള്‍ തുറവൂര്‍ കുത്തിയതോട് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലായി ഓടുന്നുണ്ട്. നിലവിലുള്ള നൂറ്റിനാല് വാഹനങ്ങള്‍ മാത്രമേ ഇവിടെ ഓടാന്‍ അനുവദിക്കൂയെന്ന ഒരു വിഭാഗത്തിന്റെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതാണെന്നും, സ്റ്റാന്‍ഡ് പെര്‍മിറ്റ് ഇല്ലാതെ ഇവിടെയോടുന്ന ഓട്ടോകള്‍ നീക്കം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കവലയില്‍ വാഹനം ഓടാന്‍ അനുവദിക്കാത്തതിനെ ചൊല്ലി പലതവണ കുത്തിയതോട് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാതെ പോലീസ് ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും രാഷ്‌ട്രീയ നേട്ടത്തിന്റെയും പണപ്പിരിവിന്റെയും പേരില്‍ നടക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ടി. അജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.വി. പ്രകാശന്‍, സജികുമാര്‍, സാജന്‍, രജികുമാര്‍, ശരത്ചന്ദ്രന്‍, ഗിരീഷ്, ബിനീഷ്, അഭിലാഷ്, അശോകന്‍, സുമേഷ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















