ന്യൂദല്‍ഹി: ജെഎന്‍യു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ രണ്ടു വിദ്യാര്‍ഥികള്‍ പോലീസില്‍ കീഴടങ്ങി. ഡിഎസ്യു നേതാവ് ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരാണ് ചൊവ്വാഴ്ച അര്‍ധരാത്രി വസന്ത് കുഞ്ജ് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. കേസിലെ പ്രതികള്‍ കീഴടങ്ങണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിദ്യാര്‍ഥികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി അടിയന്തരമായി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ടുപേര്‍ കീഴടങ്ങിയിരിക്കുന്നത്.‘
കേസിലെ മറ്റ് പ്രതികളായ അശുതോഷ് കുമാര്‍, രാമ നാഗ, ആനന്ദ് പ്രകാശ് നാരായണ്‍ എന്നിവര്‍ ജെഎന്‍യു കാമ്പസില്‍ തങ്ങുകയാണ്. അതിനിടെ, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് ദല്‍ഹി പോലീസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ശൈലേന്ദ്ര ബബ്ബര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാജരാകുക. ദല്‍ഹി സര്‍ക്കാര്‍ അഭിഭാഷകര്‍ രാഹുല്‍ മെഹ്രയെ ഒഴിവാക്കിയാണ് പോലീസ് നിലപാട് കര്‍ക്കശമാക്കിയത്. ഇന്നലെ കനയ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചെങ്കിലും പോലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്കാന് ഒരു ദിവസം കൂടി ചോദിച്ചതോടെയാണ് തീരുമാനം ഇന്നത്തേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: