തിരുവനന്തപുരം: ആറ്റുകാലമ്മക്ക് ആത്മനിവേദനത്തിന്റെ പൊങ്കാല സമര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ഒമ്പത് ദിവസത്തെ കഠിന വ്രതത്തിനു ശേഷം കുംഭമാസത്തിലെ പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേര്‍ന്ന ധന്യമൂഹൂര്ത്തത്തിലായിരുന്നു മനസ്സും ശരീരവും ഭഗവതിക്ക് സമര്‍പ്പിച്ച പുണ്യപൊങ്കാല സമര്‍പ്പണം.
രാവിലെ 9.30ന് ശുദ്ധപുണ്യാഹം നടത്തി പൂജാരിമാര്‍ ക്ഷേത്ര പരിസരം ശുദ്ധി വരുത്തി. തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിക്കഴിഞ്ഞപ്പോള്‍ ക്ഷേത്ര ശ്രീകോവിലിലെ ഭദ്രദീപത്തില്‍ നിന്നും തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് പകര്‍ന്ന ദിപം മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ഏറ്റുവാങ്ങി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകര്‍ന്നു. തുടര്‍ന്ന് സഹമേല്‍ശാന്തി പി.വി കേശവന് നമ്പൂതിരി ദീപം ഏറ്റുവാങ്ങി അമ്മേ നാരായണ നാമജപം മുഖരിതമായ അന്തരീക്ഷത്തില്‍ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നതോടെ ഒരുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം.
ചെണ്ടമേളവും കതിനാവെടിയും കേട്ടതോടെ നിരനിരയായി അടുപ്പ് കൂട്ടി ഒരുക്കിയിരുന്ന ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് തീനാളങ്ങള്‍ ജ്വലിച്ചു. ഉച്ചക്ക് 1.30ന് തിടപ്പള്ളിയിലെയും പണ്ടാര അടുപ്പിലെയും പൊങ്കാലകള്‍ നിവേദിച്ചു. അടുത്ത വര്‍ഷവും എത്താന്‍ സാധിക്കണേ എന്ന പ്രാര്‍ത്ഥനയോടെ പൊങ്കാല നിവേദിച്ച് അമ്മയുടെ അനുഗ്രഹം നേടി ഭക്തസഹസ്രങ്ങളുടെ മടക്കം. ഈ സമയം വിമാനത്തില്‍ പുഷ്പവൃഷ്ടി നടക്കുന്നുണ്ടായിരുന്നു. ക്ഷേത്ര ചുറ്റളവില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററിലധികം ദൂരം പൊങ്കാലക്കലങ്ങള്‍ നിറഞ്ഞിരുന്നു. മന്ത്രി വി.എസ്.ശിവകുമാര്‍, എംഎല്‍എ മാരായ വി.ശിവന്‍കുട്ടി, കെ.മുരളീധരന്, ബിജെപി മുന്‍ സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ്, കൗണ്‍സിലര്‍മാരായ കരമന അജിത്, ബീനാമുരുകന്‍, ബീന.ആര്.സി, ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് കെ.പി.രാമചന്ദ്രന് നായര്‍, പ്രസിഡന്റ് വിനോദ്, സെക്രട്ടറി അജിത്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
വൈകിട്ട് കുത്തിയോട്ട വ്രതം നോറ്റ ബാലന്മാര്ക്ക് ചൂരല്‍കുത്ത് ചടങ്ങ് നടന്നു. തുടര്‍ന്ന് ദേവിയുടെ മണക്കാട് ശസ്താ ക്ഷേത്രത്തിലേക്ക് ആനപ്പുറത്ത് എഴുന്നള്ളത്ത് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: