ക്രൈസ്റ്റ്ചര്‍ച്ച്: ബ്രെണ്ടന്‍ മക്കല്ലത്തിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തോല്‍വി ഭീഷണി. ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഓസ്‌ട്രേലിയയ്‌ക്ക് ജയിക്കാന്‍ ഇനി 131 റണ്‍സ് മാത്രം. ജയത്തിന് 201 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സില്‍. ഓപ്പണര്‍ ജോ ബേണ്‍സ് (27), ഉസ്മാന്‍ ഖവാജ (19) എന്നിവര്‍ ക്രീസില്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (22) വിക്കറ്റാണ് കംഗാരുക്കള്‍ക്ക് നഷ്ടമായത്. സ്‌കോര്‍: ന്യൂസിലന്‍ഡ് – 370, 335, ഓസ്‌ട്രേലിയ – 505, 70/1.
നാലിന് 121 എന്ന നിലയില്‍ രണ്ടാമിന്നിങ്‌സ് തുടങ്ങിയ ന്യൂസിലന്‍ഡിനെ പൊരുതാവുന്ന നിലയിലെത്തിച്ചത് കെയ്ന്‍ വില്യംസണിന്റെയും (97), മാറ്റ് ഹെന്റിയുടെയും (66) അര്‍ധശതകങ്ങള്‍. 135 റണ്‍സിന്റെ കമ്മി മറികടക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബി.ജെ. വാട്‌ലിങ് (46), കോറി ആന്‍ഡേഴ്‌സണ്‍ (40) എന്നിവരുടെ പിന്തുണ കൂടിയായപ്പോള്‍ കിവീസ് 335ലെത്തി. വലംകൈയന്‍ പേസര്‍ ജാക്‌സണ്‍ ബേഡിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് കിവീകളെ പ്രതിസന്ധിയിലാക്കിയത്. ബേഡിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ജയിംസ് പാറ്റിന്‍സണ്‍ നാലും ജോഷ് ഹെയ്ല്‍വുഡ് ഒന്നും വിക്കറ്റെടുത്തു.
















