പയ്യാവൂര്‍: പയ്യാവൂര്‍ ഊട്ടുത്സവത്തിന്റെ പ്രധാന ദിവസമായ ഇന്നലെ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ വെളുപ്പിന് നെയ്യമൃത്കാരുടെ നെയ്യൊപ്പിക്കല്‍ ചടങ്ങ് നടന്നു. വിവിധ മഠങ്ങലില്‍ നിന്നായി നൂറു കണക്കിന് നെയ്യമൃതുകാര്‍ പയ്യാവൂരപ്പന് അഭിഷേകം ചെയ്യാനുള്ള നെയ് കുംഭങ്ങളുമായി ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് പൂര്‍ണ്ണ പുഷ്പാഞ്ജലി, അശ്വമേധ നമസ്കാരം, സാളഗ്രാമ പൂജ, ഉണ്ണികൃഷ്ണന് പയ്യാവൂര്‍ നടത്തിയ സംഗീതാര്‍ച്ചന, അക്ഷര ശ്ലോക സദസ്സ്, ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും, കോമരത്തച്ചന്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പില്‍ നൃത്തം എന്നിവ നടന്നു. വൈകുന്നേരം ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച. കുടകരുടെ മടക്കയാത്ര, രാത്രി തായമ്പക, സാംസ്കാരിക സമ്മേളനം, നൃത്തസംഗീത നാടകം എന്നിവയുമുണ്ടായിയ
ചൂളിയാട്ടെ തടത്തില്‍ കാവ്, നല്ലൂര്, ചമ്പോച്ചേരി, മടപ്പുരക്കല്‍, തൈവളപ്പ് എന്നിവിടങ്ങളില്‍ നിന്നും പഴുപ്പിച്ച അടുക്കുവന് കുലകളുമായി നൂറു കണനക്കിന് ഭക്തരാണ് ഓമനക്കാഴ്ചയില്‍ പങ്കെടുത്തത്. തടത്തില്കാവില് നിന്നും വാദ്യമേള ഘോഷങ്ങളോടെ തണ്ടില്‍ കെട്ടിയ കുലകളുമേന്തി വ്രതശുദ്ധിയോടെ നൂറുകണക്കിന് ഭക്തര്‍ പയ്യാവൂരിലേക്ക് പുറപ്പെട്ടു. കണിയാര്‍വയല്‍-കാഞ്ഞിലേരി വഴി ഇരൂഡ് പുഴ കടന്ന് വൈകിട്ട് നാലു മണിയോടെ സംഘം പയ്യാവൂര്‍ പയ്യാറ്റ് വയലില്‍ എത്തിച്ചേര്‍ന്നു. ദേവസ്വം അധികൃതരും ഭക്തജനങ്ങളും ആനയുടെ അകമ്പടിയോടുകൂടി കാഴ്ചയെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. കാഴ്ചകാണാന്‍ ആയിരക്കണക്കിന് ഭക്തരാണ് പയ്യാവൂര്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. കാഴ്ചസംഘം പയ്യാവൂരിലെത്തിയതോടുകൂടി കുടകില്‍ നിന്നും കാളകളുമായെത്തിയ കുടക് ഭക്തര്‍ തിരിച്ചുപോയി. ഇന്ന് നെയ്യാട്ടം നടക്കും. ക്ഷേത്രത്തിലെത്തിയ എല്ലാവര്ക്കും അന്നദാനവുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: