കണ്ണൂര്‍: നിഷ്കളങ്കനായ ചെറുപ്പക്കാരനും സംഘ സ്വയംസേവകനുമായിരുന്ന പാപ്പിനിശ്ശേരി അരോളിയിലെ സുജിത്തിനെ യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തിയ സംഭവം സിപിഎം നടപ്പിലാക്കിവരുന്ന ഫാസിസത്തിന് തെളിവാണെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് പറഞ്ഞു. പാപ്പിനിശ്ശേരിയില്‍ സുജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുജിത്തിനെ കൊലപ്പെടുത്തുക മാത്രമല്ല, എല്ലാകാലത്തും കൊലപാതകം നടത്തി ഗീബല്‍സിയന്‍ നുണപ്രചരണം നടത്തുന്ന സിപിഎം സുജിത്തിനെതിരെയും നുണകള്‍ പ്രചരിപ്പിച്ചു. പാര്‍ട്ടി നടത്തുന്ന കൊലകളെ വെള്ളപൂശാനാണ് ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്. കൊലപാതക രാഷ്ട്രീയം തീരാശാപമാണ്. സമൂഹത്തിന് അപമാനവുമാണ്. ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്നാണ് വിഎച്ച്പി ആഗ്രഹിക്കുന്നത്. കൂട്ടായി ചര്‍ച്ച നടത്തുന്നതിന് സിപിഎം എന്തിന് വിമുഖത കാട്ടുന്നു എന്നും അദ്ദേഹം ചോദിച്ചു. ഇത് ഇവരുടെ ഭീകര മുഖത്തെയാണ് കാണിക്കുന്നത്. ആര്‍എസ്എസ് സര്‍സംഘചാലക് തന്നെ നേരിട്ട് വന്ന് ചര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടും സിപിഎം അക്രമത്തിന്റെ പാത പിന്തുടരുകയാണ്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന് കൊലപാതക കേസില്‍ ജയിലിലായതിലെ ജാള്യത മറച്ചുവെക്കാനാണ് അക്രമം നടത്തുന്നത്. ജയരാജനെതിരായി എപ്പോഴെല്ലാം നിയമനടപടികള്‍ ഉണ്ടായിട്ടുണ്ടോ, അന്നെല്ലാം കലാപം നടത്തിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഇപ്പോള്‍ നടക്കുന്ന കൊലപാതകത്തിനും അക്രമങ്ങള്‍ക്കും പിന്നിലും സിപിഎമ്മിന്റെ ഇതേവികാരം തന്നെയാണുള്ളത്. സിപിഎമ്മിന്റെ ഈ കാടത്തത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കണമെന്നും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: