കണ്ണൂര്‍: സംസ്ഥാനത്തെ ഭരണരംഗത്ത് കണ്ണൂര്‍ ജില്ല മാതൃകയാണെന്ന് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. കലക്ടറേറ്റില്‍ റീഡിങ്ങ് റൂം കം കോണ്‍ഫറന്‍സ് ഹാളിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനോപകാരപ്രദമായ തീരുമാനങ്ങള്‍ എടുക്കാനും അവ സമയബന്ധിതമായി നടപ്പിലാക്കാനും മാതൃകാപരമായ പ്രവര്‍ത്തനമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ഇതില്‍ ജില്ലാ കലക്ടറുടെ ഊര്‍ജ്ജസ്വലതയും കാര്യക്ഷമതയും പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കണ്ണൂര്‍ മാറാന്‍ പോകുകയാണ്. നടപടിക്രമങ്ങളുടെ നൂലാമാലകള്‍ മൂലം ക്ഷേമപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് ഇ-ഓഫീസ് സംവിധാനം വരുന്നതോടെ പരിഹാരമാകും. ജനങ്ങള്‍ക്ക് യഥാസമയം നീതി ലഭ്യമാക്കുക പ്രധാനമാണ്. വൈകി കിട്ടുന്ന നീതി നീതിനിഷേധമാണ്. ഓഫീസുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തന ക്ഷമമാകാന്‍ ആധുനിക സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ലൈബ്രറി കം ഓഡിറ്റോറിയം ഈ അര്‍ത്ഥത്തില്‍ ഏറെ പ്രയോജനകരമായിരിക്കും.
കണ്ണൂര്‍ ജില്ലയുടെയും മലബാറിന്റെയും വികസനത്തിന് ഇത്തവണത്തെ ബജറ്റില്‍ കാര്യമായ പരിഗണന ലഭിച്ചുവെന്നത് തര്‍ക്കമറ്റ കാര്യമാണ്. സിവില്‍ സ്റ്റേഷന് അഡീഷണല്‍ ബ്ലോക്കിന് 5 കോടിയും നഗരവികസനത്തിന് 10 കോടിയും അനുവദിച്ചു. ജില്ലയിലെ പ്രാദേശിക വികസന സംരംഭങ്ങള്‍ക്കും നല്ല പരിഗണന സര്‍ക്കാര്‍ നല്കി. സമയബന്ധിതമായി ഈ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ചടങ്ങില്‍ എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. സിവില്‍ സ്റ്റേഷന് അഡീഷണല്‍ ബ്ലോക്ക് കാലാനുസൃതമായ സൗകര്യങ്ങള്‍ ഉറപ്പാക്കി ഹൈടെക് കെട്ടിടമായി നിര്‍മിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതം പറഞ്ഞു. യൂണിയന് ബാങ്ക് ഡെപ്യൂട്ടി റീജ്യണല്‍ ഹെഡ് ജേക്കബ് ഫിലിപ്പ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി.സന്തോഷ്, സിണ്ടിക്കേറ്റ് ബാങ്ക് റീജ്യണല്‍ മാനേജര്‍ ബി രവീന്ദ്രന്, എസ് ബി ടി അസി.ജനറല്‍ മാനേജര്‍ എ.വി.സുരേഷ് ബാബു, അസി. കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.എം.ഗോപിനാഥന്, വി.പി.മുരളീധരന്, എന്‍ ശശികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യൂണിയന് ബാങ്ക്, സിണ്ടിക്കറ്റ് ബാങ്ക്, എസ്ബിടി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഓഡിറ്റോറിയം നിര്‍മിക്കുന്നത്. 42 ലക്ഷം രൂപയാണ് ആകെ എസ്റ്റിമേറ്റ്. 20.5 ലക്ഷം രൂപയുടെ പ്രാഥമിക പ്രവൃത്തികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുളളത്. 1500 ഓളം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യത്തോടെയുളളതായിരിക്കും ഓഡിറ്റോറിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: