ന്യൂദല്‍ഹി: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരും ബിജെപിയും. വിവിധ കേന്ദ്രമന്ത്രിമാരുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. ശബരിമല വികസനം, പമ്പാ ശുചിത്വ പദ്ധതി, മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി രൂപ അനുവദിക്കാന്‍ സാംസ്ക്കാരിക-ടൂറിസം മന്ത്രാലയം തീരുമാനിച്ചു. ശബരിമലയുടെ സമഗ്ര വികസന പാക്കേജ് ഉടന്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും കുമ്മനം രാജശേഖരന് അറിയിച്ചു.
പമ്പാനദി മലിനീകരണം തടയാന്‍ വാജ്പേയി സര്‍ക്കാര്‍ പ്രഖ്യാപിച്ച പമ്പാ പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രമന്ത്രി ഉമാഭാരതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. പമ്പാസംരക്ഷണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഭൂഗര്‍ഭജല സംരക്ഷണത്തിനുമായി പദ്ധതി പ്രഖ്യാപിക്കാനാണ് ജലവിഭവമന്ത്രാലയത്തിന്റെ തീരുമാനം. രണ്ടു ദിവസത്തിനകം ഉമാഭാരതി പദ്ധതി പ്രഖ്യാപിക്കുമെന്ന് കുമ്മനം അറിയിച്ചു.
കേന്ദ്രസര്‍വ്വകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ആരംഭിക്കുന്ന അയ്യങ്കാളി ചെയര്‍ ഉദ്ഘാടനം അടുത്തയാഴ്ച നടത്തും. അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂരില്‍ സാംസ്ക്കാരില നിലയം നിര്‍മ്മിക്കാനുള്ള പ്രഖ്യാപനവും ഉടനുണ്ടാകും. തീര്‍ത്ഥാടന കേന്ദ്രമായ ശിവഗിരിയുടെ പ്രാധാന്യം കണക്കിലെടുത്തുള്ള ബൃഹത് പദ്ധതി പ്രഖ്യാപനത്തിന് കേന്ദ്രസാംസ്ക്കാരിക മന്ത്രാലയം തയ്യാറെടുക്കുകയാണെന്നും കുമ്മനം പറഞ്ഞു.
നാല്‍പ്പതുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന മുഴുപ്പിലങ്ങാടി്- അഴിയൂര്‍- മാഹി ബൈപ്പാസ് നിര്‍മ്മാണം പുനരാരംഭിക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡകരിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്ര പദ്ധതി പ്രഖ്യാപിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് കൂടിക്കാഴ്ചയില്‍ അറിയിച്ചതായി കുമ്മനം പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയ്ക്കായി നൈപുണ്യവികസന പദ്ധതിയും നീല വിപ്ലവത്തിനും രൂപം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും.
ട്രോളിങ് നിയന്ത്രണ കാലത്തെ പ്രതിമാസ വേതനം 1,500 രൂപയില്‍ നിന്നും 2,500 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് തുക 29 രൂപയില്‍ നിന്നും 20 ആക്കി കുറയ്ക്കുകയും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. അപകടങ്ങള്‍ക്കും അംഗവൈകല്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. വീടു നിര്‍മ്മാണത്തിനായി ലഭിച്ചിരുന്ന 70,000 രൂപ 1.25 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: