ന്യൂദല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജയ്ഷ-ഇ മുഹമ്മദ് തലവന്‍ മൗലാന സമൂദ് അസ്ഹര്‍ പാകിസ്ഥാന്റെ സംരക്ഷിത തടങ്കലിലെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.
ആക്രമണം നടന്ന് ദിവസങ്ങള്‍ക്കകം അസ്ഹറിനെ കസ്റ്റഡിയിലെടുത്തതായി സര്‍താജ് അസീസ് അറിയിച്ചു. ആക്രമണത്തില്‍ പങ്കാളികളെന്ന് കരുന്ന ചിലരും മസൂദ് അസറിനൊപ്പം കസ്റ്റഡിയില്‍ കഴിയുന്നുണ്ട്. ജനുവരി 14 മുതല്‍ മസൂദ് അസ്ഹര്‍ സംരക്ഷിത തടങ്കലിലാണെന്ന് സര്‍താജ് അസീസ് പറഞ്ഞു. ആദ്യമായാണ് മസൂദ് അസര്‍ തടങ്കലിലുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിക്കുന്നത്.
മസൂദിനും കൂട്ടാളികള്‍ക്കുമെതിരായ തെളിവുകള്‍ ലഭിക്കുന്നതോടെ ഇവര്‍ക്കെതിരായുള്ള നിയമനടപടികള്‍ ആരംഭിക്കും. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പാകിസ്ഥാനിലെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഭാരതത്തിലെത്തിയേക്കും. ‘
പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് നീട്ടിവെച്ച ഭാരത- പാക് വിദേശ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചയെ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് ഭാരതമാണെന്നും സര്‍താജ് അസീസ് പറഞ്ഞു. അടുത്തമാസം നടക്കുന്ന ന്യൂക്ലിയര്‍ സെക്യൂരിറ്റി സമ്മേളനത്തിനിടയില്‍ ഭാരത-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരത് പാക് സമാധാന ചര്‍ച്ചയില്‍ നിലവിലുള്ള അനിശ്ചതിത്വത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നതെന്നും അസീസ് പറഞ്ഞു.
പത്താന് കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18ന് പാകിസ്ഥാന് ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജയ്ഷ-ഇ മുഹമ്മദിനെയോ അസ്ഹറിനെയോ സംബന്ധിച്ച ഒരു പരാമര്‍ശവും എഫ്ഐആറിലില്ല. ഭാരതത്തില്‍ നിന്ന് അക്രമികള്‍ വിളിച്ച അഞ്ച് പാക് നമ്പറുകളെക്കുറിച്ച് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: