ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികളായ ജെഎന്‍യുവിലെ ഡിഎസ്യു നേതാക്കളായ ഉമര്‍ ഖാലിദടക്കമുള്ളവര്‍ ജവഹര്‍ലാല്‍ നെഹ്രു ക്യാമ്പസില്‍ ‘പ്രത്യക്ഷപ്പെട്ടു’. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ ക്യാമ്പസിനുള്ളില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നും രാജ്യദ്രോഹകുറ്റം പിന്‍വലിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊടുത്തുവിട്ടിരുന്നതായി സംശയമുണ്ട്. ക്യാമ്പസിലെ ഹോസ്റ്റലുകളില്‍ ഇവര്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരം ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികളെ പിടികൂടുന്നതിനായി ക്യാമ്പസില്‍ പോലീസ് കയറുന്ന സാഹചര്യം സൃഷ്ടിച്ച് കൂടുതല്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ ശ്രമം.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ നിയമനടപടികള്‍ക്ക് വിധേയമാകണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു. ജെഎന്‍യുവിലെ നടപടികള്‍ സംബന്ധിച്ച് ദല്‍ഹി ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജങ്ങുമായി കമ്മീഷണര്‍ ചര്‍ച്ച നടത്തി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാതെ പ്രതികള്‍ കീഴടങ്ങില്ലെന്ന് പ്രതികള്‍ക്ക് സംരക്ഷണം നല്കുന്ന ഒരു വിഭാഗം അധ്യാപകര്‍ വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയോടെ പ്രതികള്‍ ജെഎന്‍യുവില്‍ പ്രത്യക്ഷപ്പെട്ടെന്ന് അറിഞ്ഞതോടെ ദല്‍ഹി പോലീസ് അറസ്റ്റിനായി ജെഎന്‍യു ഗേറ്റിലെത്തിയിരുന്നു. എന്നാല്‍ അകത്തു പ്രവേശിക്കാന്‍ വൈസ് ചാന്‍സലര്‍ അനുമതി നല്‍കിയില്ല. ചില മാധ്യമങ്ങളെയും ഒരു വിഭാഗം അഭിഭാഷകരെയും അറിയിച്ച ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
അതിനിടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് കനയ്യയുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചിരിക്കുന്നത്.
പ്രതികളെ സംരക്ഷിക്കുന്നത്അദ്ധ്യാപകരുടെ വീട്ടില്‍
ന്യൂദല്‍ഹി: രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിനു കേസില്‍ പ്രതിയായ അഞ്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ജെഎന്‍യു അദ്ധ്യാപകന്റെ വീട്ടിലാണ് ഒളിച്ചിരിക്കുന്നതെന്ന് ആരോപണം. ഈ കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് എബിവിപി ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന അദ്ധ്യാപകര്‍ക്കെതിരേയും പോലീസ് നടപടിവേണമെന്ന് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് ജോയിന്റ് സെക്രട്ടറി സൗരഭ് കുമാര്‍ ശര്‍മ്മ ആവശ്യപ്പെട്ടു.
പത്തുദിവസത്തെ ഒളിജീവിതത്തിനു ശേഷം അവര്‍ പെട്ടെന്ന് കാമ്പസിലെത്തി അഹങ്കാരത്തോടെ റാലികളെ അഭിസംബോധന ചെയ്തു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന ആള്‍ക്കൂട്ടം പ്രോത്സാഹിപ്പിച്ചു. ഈ കാര്യത്തില്‍ വിസി ഇടപെടണം. ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളോട് പോലീസിന് കീഴടങ്ങാന്‍ പറയണം. കാമ്പസിന്റെ സമാധാനം സംരക്ഷിക്കണം, ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: