തിരുവനന്തപുരം: സുപ്രീംകോടതി നിയോഗിച്ച എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ തന്‍പ്രമാണിത്തം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രവര്‍ത്തങ്ങളുടെ താളം തെറ്റിക്കുന്നു. സുപ്രീംകോടതിയുടെ പേരു പറഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും എക്സിക്യൂട്ടീവ് ഓഫീസര്‍ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാപക പരാതി ഹിന്ദുസംഘടനകള്‍ ഉന്നയിക്കുന്നു. എക്സ്പെര്‍ട്ട് കമ്മറ്റിയുടെ അധ്യക്ഷത വഹിക്കുന്ന ജില്ലാ ജഡ്ജിയെ ഒഴിവാക്കി എക്സിക്യൂട്ടീവ് ഓഫീസര്‍ പല നിര്‍ണായക തീരുമാനങ്ങളും സ്വയം കൈക്കൊള്ളുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.
ക്ഷേത്രത്തില്‍ ഉപയോഗിച്ചിരുന്ന ചന്ദനത്തിന്റെ കാര്യത്തില്‍ തുടങ്ങി ഏറ്റവും അവസാനം പദ്മതീര്‍ഥക്കരയിലെ കുളത്തിനോട് ചേര്‍ന്നുള്ള കല്‍മണ്ഡപം തകര്‍ത്തതില്‍ വരെ എക്സിക്യൂട്ടീവ് ഓഫീസറുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുകളുണ്ട്. അമൂല്യമായ പ്രാചീനശേഖരങ്ങള് സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നും ഭക്തര്‍ സംശയിക്കുന്നു.
ക്ഷേത്രം തന്ത്രി, നമ്പിമാര്‍, മറ്റ് ക്ഷേത്ര ജീവനക്കാര്‍, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരെ നോക്കുകുത്തികളാക്കിയാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ പ്രവര്‍ത്തനം നാളിതുവരെ നടന്നത്. അത് ക്ഷേത്രക്കുളം നവീകരണത്തിലും പ്രകടമായതിന്റെ ഫലമാണ് കല്‍മണ്ഡപം തകര്‍ക്കല്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കുളം നവീകരിക്കല്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കാലപ്പഴക്കവും കേടുപാടുകളും ആരോപിച്ച് കല്‍മണ്ഡപം പുതുക്കി പണിയാനും എക്സ്പെര്‍ട്ട് കമ്മറ്റി തീരുമാനിച്ചത്. കല്‍മണ്ഡപം പുതുക്കി പണിയാന്‍ സംസ്ഥാന നിര്‍മിതി കേന്ദ്രത്തെ ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നതും എക്സിക്യൂട്ടീവ് ഓഫീസറാണ്.
എന്നാല്‍ കല്‍മണ്ഡപം പൊളിച്ചതിന്റെ ഭാഗമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് തനിക്ക് ഇതിലൊന്നും യാതൊരു പങ്കുമില്ലെന്ന നിലപാടാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്വീകരിച്ചത്. കുറ്റം മുഴുവന്‍ നിര്‍മിതി കേന്ദ്രത്തിലെ ജീവനക്കാരുടെ മേല്‍ ചാരി രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കുളം നവീകരണത്തിന്റെ ചുമതല നേരിട്ടു വഹിക്കുന്ന കളക്ടര്‍ ബിജു പ്രഭാകറും ഇക്കാര്യത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കല്‍മണ്ഡപം പൊളിച്ച് അവിടെ പുതിയ നടപ്പാത നിര്‍മിക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് ഇപ്പോള്‍ വിവരം പുറത്തുവന്നിട്ടുണ്ട്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിലെല്ലാം നിരന്തരം കൈകടത്തി തെറ്റുകള്‍ വരുത്തുന്നതായും ഭക്തര്‍ പരാതിപ്പെടുന്നു. വളരെ വ്യത്യസ്തമായ അനുഷ്ഠാനങ്ങളും ചടങ്ങുകളും നിലനില്‍ക്കുന്ന ക്ഷേത്രമാണിത്. എന്നാല്‍ ഭസ്മാസുരന് വരം നല്കിയതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. സുപ്രീംകോടതിയുടെയും അമിക്കസ് ക്യൂറിയുടെയും പേരിലാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ തോന്നുംപടി പ്രവര്‍ത്തിക്കുന്നത്.
ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യവും അദ്ദേഹത്തിനുണ്ട്. രാജകുടുംബത്തിന്റെ വാക്കുകള്‍ക്ക് അല്‍പ്പം പോലും വില കല്‍പ്പിക്കാതെയാണ് തന്റെ ഇഷ്ടത്തിനനുസരിച്ച് ശ്രീപദ്മനാഭന്റെ ദൈനംദിന ചിട്ടകള്‍ പോലും അദ്ദേഹം മാറ്റിമറിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം ശക്തമായ വിയോജിപ്പുള്ള ഭക്തര്‍ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: