തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെ ഏകോപന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്. ഹൈന്ദവ ആചാനുഷ്ഠാനങ്ങള്ക്കും കീഴ്വഴക്കങ്ങള്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അവ സംരക്ഷിക്കുന്നതിനും ബോര്‍ഡുകളുടെ തീരുമാനം ഏകോപിപ്പിക്കുന്നതിനും വേണ്ടി യോഗം വിളിച്ചു ചേര്‍ത്തത്.
ദേവസ്വം ബോര്‍ഡുകളുടെ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനു ചില കേന്ദ്രങ്ങള്‍ തടസ്സം നില്‍ക്കുന്നുണ്ട്. ബോര്‍ഡുകള്‍ക്ക് നേരെ നടത്തുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാകില്ല. ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആന, വെടിക്കെട്ട്, മൈക്ക്, എന്നിവയുടെ ഉപയോഗത്തിന്റെ പേരില്‍ വിവിധ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ്സെടുക്കുന്നത് നിറുത്തലാക്കണം.
ഹൈന്ദവ ആചാരനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് സ്വാതന്ത്ര്യം അനുവദിക്കണം. കേരളത്തിലെ അഞ്ച് ദേവസ്വങ്ങളിലെയും വഴിപാട് നിരക്കുകള്‍ ഏകീകരിക്കും.ക്ഷേത്ര വിശ്വാസമില്ലാത്തവര്‍ ആരായാലും അവിശ്വാസികളായി തന്നെ കാണും. പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ദേവസ്വം ബോര്‍ഡുകളുടെ ഏകോപന സമിതി പ്രസിഡന്റായി പ്രയാര്‍ ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തു. അടുത്ത യോഗം ഗുരുവായൂരില്‍ ചേരും. ഏകോപന സമിതിയോഗത്തില്‍ മറ്റ് ദേവസ്വം ബോര്‍ഡിലെ ഒട്ടുമിക്ക അംഗങ്ങളും വിട്ടുനിന്നു. ഹൈന്ദവ സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി പങ്കെടുപ്പിച്ചില്ല. പന്ത്രണ്ട് പേര് പങ്കെടുത്ത യോഗത്തില്‍ ആറു പേരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നുള്ളവരായിരുന്നു.
ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് തന്ത്രിമാര്‍
തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ക്ഷേത്ര തന്ത്രിമാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന തന്ത്രിമാരുടെ യോഗമാണ് ആചാരങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് അറിയിച്ചത്. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന മൂര്‍ത്തിയുടെ ഭാവത്തിനനുസരിച്ചാണ് അവിടെ നടത്തേണ്ട ആചാര അനുഷ്ഠാനങ്ങള്‍ നിശ്ചയിക്കുന്നത്.
ഇത് പ്രതിഷ്ഠയ്ക്ക് ശേഷമാണ് തീരുമാനിക്കുന്നത്. നിശ്ചയിച്ച അനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തിയാല്‍ വിശ്വാസങ്ങളെ മുഴുവന്‍ മാറ്റേണ്ടതായിവരും. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പാരാമര്ശത്തെതുടര്ന്നാണ് തിരുവിതാം കൂര് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ തന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. ശബരിമല തന്ത്രി രാജീവ് കണ്ഠരരു, കാളിദാസ് അക്കീരമണ്‍ ഭട്ടതിരിപ്പാട് എന്നിവരടക്കം അമ്പതോളം തന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: