കല്‍പ്പറ്റ : 2016 ജനുവരി രണ്ട് മുതല്‍ നാല് വരെ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്ന സര്‍ഗോത്സവം അഴിമതിയുടെ കൂത്തരങ്ങായതായി ആള് കേരളാ കാറ്റേഴ്സ് അസോസിയേഷന് കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരിപാടിയുടെമായി ബന്ധപ്പെട്ട് ഭക്ഷണം നല്‍കുന്നതിനായി ടെണ്ടര്‍ വിളിച്ചിരുന്നു. സംസ്ഥാന കാറ്ററിംഗ് അസോസിയേഷനില്‍ പങ്കാളികളായ വിവിധ ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകള്‍ ടെണ്ടറില്‍ പങ്കെടുത്തിരുന്നു. 13 നേരം ഭക്ഷണം നല്‍കാനായിരുന്നു നിര്‍ദേശം. പരിചയസമ്പന്നരായ പത്ത് കാറ്ററിംഗ് യൂണിറ്റുകളെ മറികടന്ന് ഒരു ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിനാണ് ടെണ്ടര്‍ നല്‍കിയത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുള്ള ലൈസന്‍സോ മാനദണ്ഡങ്ങളോ ഇല്ലാതെയാണ് കല്‍പ്പറ്റയിലെ ലൈറ്റ് ആന്റ് സൗണ്ട്സിന് ടെണ്ടര്‍ നല്‍കിയതെന്ന് ഇവര്‍ ആരോപിച്ചു.
ഫുഡ് ആന്റ് സേഫ്റ്റി ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന് ടെണ്ടര്നല്കിയത് 588000 രൂപയ്ക്കായിരുന്നു. എന്നാല്‍ ട്രൈബല്‍ വകുപ്പ് കൃത്രിമം കാട്ടി ലൈറ്റ് ആന്റ് സൗണ്ട്സിന് 225000 രൂപ കൂടി അധികമായി അനുവദിച്ചു. ഈ തുക ഐടിഡിപി ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വീതിച്ചെടുത്തതായും ഇവര്‍ ആരോപിച്ചു. എലൈറ്റ് കാറ്ററിംഗ് എന്ന സ്ഥാപനത്തിനാണ് ടെണ്ടര്‍ ലഭിച്ചത്. എന്നാല്‍ വിവരാവകാശ രേഖയില്‍ കല്‍പ്പറ്റയിലെ ഹര്‍ഷല്‍ ലൈറ്റ് ആന്റ് സൗണ്ട്സിനാണ് ഭക്ഷണവിതരണത്തിനുള്ള ടെണ്ടര്‍ ലഭിച്ചതെന്നും കാണുന്നു.
വിവരാവകാശ പ്രകാരം ഇവര്‍ക്ക് ലഭിച്ച ബില്ലുകളിലും കൃത്രിമം കാണാം. ജനുവരി ഏഴാം തിയതിയിലെ ബില്ലില്‍ 1766 ാം നമ്പറെന്നും അഞ്ചാം തിയതിയിലെ ബില്ലില്‍ 1767 എന്നുമാണ് ചേര്‍ത്തിട്ടുള്ളത്. ഐടിഡിപി ഓഫീസര്‍ ഒപ്പിട്ടുനല്‍കിയ രേഖകളിലാണ് ഈ കൃത്രിമം നടന്നിട്ടുള്ളത്. സര്ഗോത്സവവുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ പ്രവര്ത്തനങ്ങളും് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ പരാതി നല്‍കുമെന്നും പറഞ്ഞു.
ജില്ലാപ്രസിഡണ്ട് സി.എന്‍.ചന്ദ്രന്, സെക്രട്ടറി കെ.സി.ജയന്, ഖജാന്‍ജി ഹാജാഹുസ്സൈന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: