ചേര്‍ത്തല: താലൂക്കില്‍ തെരുവ് നായ്ക്കള്‍ പെരുകുന്നു, ജനം ഭീതിയില്‍. നഗരത്തിലടക്കം വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു കൊല്ലുകയും ചെയ്തിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
തെരുവുകളില്‍ കൂട്ടമായി എത്തുന്ന നായകള്‍ പ്രഭാത സവാരിക്കു പോകുന്നവരെ ഉള്‍പ്പടെ ആക്രമിക്കുകയാണ്. രാത്രി സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രികര്‍ ഇവയുടെ അക്രമണം മൂലം അപകടത്തില്‍ പെടുന്നതു പതിവായി. വാഹനം നിര്‍ത്തുമ്പോള്‍ നായ്ക്കൂട്ടം ആക്രമിക്കുകയാണ്. വാഹനമെത്തുമ്പോള്‍ നായ്ക്കള്‍ റോഡിനു കുറുകെ ചാടുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങളടക്കുള്ളവ റോഡിന്റെ ഓരങ്ങളില്‍ നിക്ഷേപിക്കുന്നതാണു നായ്ക്കള്‍ കൂട്ടംകൂടുന്നതിനു കാരണമാകുന്നത്.
നഗരത്തിലെ ജനവാസ പ്രദേശങ്ങളിലും നായകള്‍ പെറ്റുപെരുകുകയാണ്. കോടതി കവല, മുട്ടം മാര്‍ക്കറ്റ്, വടക്കേ അങ്ങാടിക്കവല, ഹോളിഫാമിലി സ്കൂളിന് സമീപം, ഗേള്‍സ് ഹൈസ്കൂള്‍ പരിസരം, കുറിയമുട്ടം പാലത്തിനു സമീപം ദേവീക്ഷേത്ര മൈതാനം, സ്വകാര്യ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നായകള്‍ താവളമാക്കിയിരിക്കുകയാണ്. ഗവ. താലൂക്ക് ആശുപത്രിക്കുള്ളിലും ഇവയുടെ ശല്യം രൂക്ഷമാണ്.
ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവര്‍ക്കു നായയുടെ കടിയേറ്റ സംഭവവും ഉണ്ടായി.കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞു കാല് നടയായി വീട്ടിലേക്കു മടങ്ങുന്നതിനിടെ കോടതിക്കവലയില്‍ യുവാവിനെ തെരുവ് നായകള്‍ ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന്, തങ്കിക്കവല, വയലാര്‍ കവല, പൊന്നാവെളി, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എരമല്ലൂര്‍, ചന്തിരൂര്‍, അരൂര്‍ എന്നിവിടങ്ങളിലും നായ ശല്യം ഏറിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
വളമംഗലം സ്കൂളിനു സമീപം തെരുവ് നായകള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരെ കടിച്ചിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സ തേടിയെത്തുന്നവര്‍ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിരോധമരുന്ന് ലഭിക്കാത്തതും വ്യാപകമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: