മെഹ്‌സാനാ: ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾ വീട്ടിനുപുറത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു വിലക്ക്. അത് പഠിത്തത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്താണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്കുലംഘിച്ചാൽ 2100 രൂപയാണ് പിഴ.
മെഹ്‌സാനാ ജില്ലയിലെ കാദി താലൂക്കിൽ സുരാജ് ഗ്രാമത്തിലാണ് വിലക്ക്. ഈ പെൺകുട്ടികൾ രക്ഷിതാക്കൾക്കൊപ്പം വീട്ടിനുള്ളിൽ മൊബൈൽ ഉപയോഗിക്കട്ടെ എന്നാണ് പഞ്ചായത്തിന്റെ നിലപാട്. ഗ്രാമത്തലവൻ ദേവ്ശി വാങ്കർ പറയുന്നു, ഈ പഞ്ചായത്തിന്റെ ഏകകണ്ഠമായ തീരുമാനം ഏറെ ആലോചിച്ചെടുത്തതാണ്. മൊബൈൽ ഫോൺ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രശ്‌നമുണ്ടാക്കുന്നതായി എല്ലാവരും അഭിപ്രായപ്പെട്ടു.
തീരുമാനത്തെ എല്ലാ വിഭാഗം ജനങ്ങളും അനുകൂലിക്കുന്നു. ഇക്കാര്യത്തിൽ മതവും ജാതിയും ഒന്നും ആർക്കും തടസമായില്ല, വാങ്കർ പറഞ്ഞു.
നിലവിൽ സ്‌കൂൾ വിദ്യാർത്ഥിനികൾക്കു മാത്രമാണ് വിലക്ക്. കോളെജ് വിദ്യാർത്ഥിനികൾ കുറച്ചുകൂടി പക്വത വന്നവരായതിനാലാണിത്. സാങ്കേതികവിദ്യയുടെ ദോഷവശത്തുനിന്നും കുട്ടികളെ രക്ഷിക്കാൻ ഈ നിരോധനമേ വഴിയുള്ളൂവെന്നു കണ്ടാണിതെന്നും ഗ്രാമവാസികൾ പറയുന്നു.
കുട്ടികൾ പ്രേമവലയിൽ കുടുങ്ങുന്നതു മാത്രമല്ല, അവർ കളികളും മറ്റുമായി സമയം പോക്കുന്നു. പഠനത്തിൽ ശ്രദ്ധിക്കുന്നില്ല. ഇവരുടെ ഫോൺ ചാർജു ചെയ്യാൻ പാവപ്പെട്ട രക്ഷിതാക്കളും പണം ചെലവഴിക്കുന്നു, ഗ്രാമവാസികളിൽ ചിലർ ചൂണ്ടിക്കാട്ടി.
















