ചാത്തന്നൂര്‍: കുടുംബശ്രീയുടെ മറവില്‍ ലോണ്‍ തട്ടുന്ന സംഘങ്ങള്‍ ചാത്തന്നൂരില്‍ സജീവം. പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന കുടുംബശ്രീയുടെ പേരിലും ലോണിന് വേണ്ടി കുടുംബശ്രീ യൂണിറ്റുകള്‍ തട്ടികൂട്ടിയുമാണ് ഇത്തരക്കാര്‍ ബാങ്കുകളില്‍ നിന്ന് ലോണ്‍ തട്ടുന്നത്. ഇത്തരത്തിലുള്ള യൂണിറ്റുകളില്‍ പ്രസിഡന്റും സെക്രട്ടറിയും ഒന്നിലധികം യൂണിറ്റുകളില്‍ അംഗങ്ങളായിരിക്കും. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരായിരിക്കും കുടുംബശ്രീ ഭാരവാഹികള്‍. ഇത്തരത്തില്‍ തട്ടികൂട്ടുന്ന കുടുബശ്രീ യൂണിറ്റിലെ അംഗങ്ങള്‍ അറിയാതെ അവരുടെ ഒപ്പം മറ്റും വ്യാജമായി തയാറാക്കിയാണ് ലോണ്‍ സംഘടിപ്പിക്കുന്നത്.
സ്വന്തം പഞ്ചായത്തില്‍ രജിസ്ട്രേഷന് ചെയ്ത കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായവര്‍ തന്നെയാണ് മറ്റുള്ള പഞ്ചായത്തുകളില്‍ കുടുംബശ്രീയിലെ അംഗങ്ങളായികൊണ്ട് ലോണ്‍ സംഘടിപ്പിക്കുന്നത്. ഇതിന് അനുവാദം കൊടുക്കുന്നത് അതാത് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരാണ്. ഇത്തരത്തിലെത്തുന്നവര്‍ക്ക് നാഷണലൈസ്ഡ് ബാങ്കില്‍ ലോണ്‍ സംഘടിപ്പിച്ച് നല്‍കുന്നതിന് ബാങ്കിനകത്തും ഉദ്യോഗസ്ഥരുണ്ട്. ഇത്തത്തിലെടുക്കുന്ന ലോണ്‍ യൂണിറ്റിലെ മറ്റ് അംഗങ്ങളറിയാതെ പ്രസിഡന്റും സെക്രട്ടറിയും വീതിച്ചെടുക്കുകയാണ് പതിവ്. ഇത് മറ്റ് അംഗങ്ങള്‍ അറിയുന്നില്ല. ബാങ്കിലെ ഉദ്യോഗസ്ഥര്‍ അറിഞ്ഞുള്ള ലോണ്‍ ആയതിനാല്‍ അടവ് മുടങ്ങിയാല്‍ അംഗങ്ങളുടെ പേരിലയക്കുന്ന നോട്ടീസ് പ്രസിഡന്റും സെക്രട്ടറിയും കൈപ്പറ്റും. ബാങ്കിലെ ഉദ്യോഗസ്ഥര്‍മാര്‍ മാറുമ്പോള്‍ മാത്രമാണ് ലോണ്‍ മുടങ്ങുന്നതായി അംഗങ്ങള്‍ക്ക് നോട്ടീസ് വരുന്നത്. അപ്പോഴാണ് തങ്ങളുടെ പേരില്‍ ലോണെടുത്തിട്ടുള്ള വിവരം ഇവര്‍ അറിയുന്നത്. പ്രസിഡന്റും സെക്രട്ടറിയും ഒഴികെ മറ്റുള്ളവരില്‍ ഭൂരിഭാഗവും പട്ടികജാതിക്കാരും നിരാലംബരും ആയിരിക്കുമെന്നതിനാല്‍ ഇവരെ പറ്റിക്കുകയാണ്. അതേസമയം ചിറക്കര കേന്ദ്രീകരിച്ച് നിരവധി കുടുംബശ്രീകളില്‍ ഈ തട്ടിപ്പ് നടന്നതായാണ് സൂചന. വിദ്യാഭ്യാസമുള്ളവരാണ് കുടുംബശ്രീയുടെ ഉത്തരവാദിത്വം വഹിക്കുന്നത്. അതിനാലാണ് നിരപരാധികള്‍ ഇതില്‍പ്പെടുന്നത്. ഇരയായിട്ടുള്ളവരെ ഭീഷണിപ്പെടുത്തി പോലീസില്‍ പരാതി നല്‍കാതിരിക്കുവാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: